കൊൽക്കത്ത: ബംഗാളിൽ ജൂനിയർ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ബാംഗാൾ മുഖ്യമന്ത്രി മമത ബാനർജി രാജി വയ്‌ക്കണമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി. സംഭവത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയാണുണ്ടായിരിക്കുന്നതെന്നും ഹൈക്കോടതിയുടെ ഇടപെൽ കേസിൽ വഴിത്തിരിവുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
” ആർജി കാർ മെഡിക്കൽ കോളേജിൽ ജൂനിയർ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ, കേസ് ഹൈക്കോടതി സിബിഐക്ക് കൈമാറി. ഈ നടപടിയെ ബിജെപി സ്വാഗതം ചെയ്യുന്നു. തുടക്കം മുതൽ കേസ് ഒതുക്കി തീർക്കാനാണ് പൊലീസും മമത സർക്കാരും ശ്രമിച്ചിരുന്നത്. മമത ബാനർജിയും ആരോഗ്യമന്ത്രിയും രാജിവയ്‌ക്കണം. കോളേജ് പ്രിൻസിപ്പൽ സന്ദീപ് ഘോഷ് ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യണം. ഇതൊരു സാധാരണ കൊലപാതകമായി കണക്കാക്കാനാവില്ല.”- സുവേന്ദു അധികാരി പറഞ്ഞു.
ബംഗാളിൽ എവിടെ വേണമെങ്കിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാം. സർക്കാരിന്റെ ഭാഗത്ത് നിന്ന് വരുന്ന ഗുരുതര വീഴ്ചയാണ് ഇതിന് പിന്നിൽ. കുറ്റവാളികളെ സംരക്ഷിനാണ് മമത സർക്കാർ ശ്രമിക്കുന്നതെന്നും സുവേന്ദു അധികാരി കുറ്റപ്പെടുത്തി.
അതേസമയം കൊല്ലപ്പെട്ട യുവതിയുടെ മാതാപിതാക്കൾ നൽകിയ ഹർജി വീണ്ടും പരിഗണിച്ച കൊൽക്കത്ത ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറിയിരുന്നു. സർക്കാരിന്റെ ഭാഗത്ത് നിന്നും വന്ന ഗുരുതര വീഴ്ചകളെയും കോടതി ചോദ്യം ചെയ്തു.