എറണാകുളം: ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പടുത്തലിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്ത് രാജിവച്ചതിന് പിന്നാലെ പ്രതികരിച്ച് ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫ്. രഞ്ജിത്തിന്റെ രാജി സ്വമനസ്സാലെ അല്ലെന്നും നടിയുടെ വെളിപ്പെടുത്തലിൽ ഏത് ഭാഗമാണ് സത്യമെന്ന് രഞ്ജിത്ത് തന്നെ പറയണമെന്നും ജോഷി ജോസഫ് പറഞ്ഞു.
മലയാള സിനിമാ മേഖലയിൽ ഇത്തരം കാര്യങ്ങൾ ഉണ്ടെന്ന് നമുക്ക് മനസിലാക്കി തരാൻ ബംഗാളിൽ നിന്നൊരു നടി വേണ്ടിവന്നു. ശ്രീലേഖ മിത്ര ഇന്നലെ വരെ ഒരു സോറി കൊണ്ട് ഈ പ്രശ്നം തീർക്കാൻ തയ്യാറായിരുന്നു. അവരുടെ പ്രതികരണങ്ങളിൽ നിന്ന് എനിക്ക് അങ്ങനെയാണ് വ്യക്തമായത്. എല്ലായിടത്ത് നിന്നുമുണ്ടായ ഒരു സമ്മർദ്ദത്തിന്റെ പേരിലാണ് രഞ്ജിത്ത് രാജിവച്ചത്. അല്ലാതെ സ്വമനസ്സാലേയുള്ള രാജി അല്ലിത്.
രഞ്ജിത്തിനെ പോലുള്ളവർ രാജി വയ്‌ക്കുക എന്നതിന്റെ അർത്ഥം 70 ശതാമാനം ഈ മേഖല ഇടിഞ്ഞുവീഴുക എന്നാണ്. അതായത് മലയാള സിനിമാ മേഖലയിലെ 75-80 ശതമാനം ആളുകളും ഇങ്ങനെയാണെന്ന് ശ്രീലേഖ മിത്ര സാക്ഷ്യപ്പെടുത്തുന്നു. ഈ മേഖല നിലനിൽക്കണം എന്ന് ചിന്തിക്കുന്നവരാണ് അവർ. ഈ മേഖലയിൽ ഒരു ശുദ്ധീകരണം വേണമെന്നാണ് വെളിപ്പെടുത്തലുമായി മുന്നോട്ട് വരുന്ന സ്ത്രീകൾ ആഗ്രഹിക്കുന്നതെന്നും ജോഷി ജോസഫ് പറഞ്ഞു.















