കോട്ടയം: സർക്കാരിന് സംരക്ഷിക്കേണ്ട ചിലരുടെ പേരുകൾ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ടെന്നും അതാരാണന്ന് മന്ത്രിമാർക്കേ അറിയൂവെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടിമാർ നടത്തിയ ലൈംഗികാരോപണങ്ങളിൽ പൊലീസ് കേസെടുക്കാൻ തയ്യാറാവാത്ത സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഒന്നുകിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിന് വെറുമൊരു കടലാസിന്റെ വില മാത്രമേ ഉള്ളൂവെന്ന് സംസ്ഥാന സർക്കാർ സമ്മതിക്കണം. അല്ലെങ്കിൽ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന ഗുരുതര ആരോപണങ്ങളിൽ കേസെടുക്കാൻ സർക്കാർ തയ്യാറാകണം. അല്ലാതെ ഹേമ കമ്മിറ്റിയെ നിയോഗിച്ചുവെന്ന വാചകമടി മാത്രം സർക്കാർ നടത്തിയാൽ പോരാ. കേരളത്തിലെ ചലച്ചിത്ര രംഗത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച് പരിഹാരം കാണാൻ വിപ്ലവകരമായ നീക്കം നടത്തിയെന്ന വാചക കസർത്ത് സർക്കാർ അവസാനിപ്പിക്കണം.
പൊലീസിൽ പരാതി പറഞ്ഞാലും കേസ് എടുക്കാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. നടൻ സിദ്ദിഖിനെതിരെ ആരോപണം ഉന്നയിച്ച പെൺകുട്ടി പൊലീസിൽ പരാതി നൽകിയിട്ടും കേസ് എടുത്തില്ല. മുകേഷിന്റെ കാര്യത്തിലും സമാന സ്ഥിതി. മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ മറുപടി പറയണം.
സിദ്ദിക്കിന്റെ കാര്യത്തിൽ കോൺഗ്രസ് കാര്യമായി പ്രതികരിച്ചില്ല. വേട്ടക്കാർക്കൊപ്പമാണെന്ന് സർക്കാർ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. പൊലീസിൽ പരാതി നൽകാനാണ് സർക്കാർ ഇപ്പോൾ പറയുന്നത്. അങ്ങനെയെങ്കിൽ എന്തിനായിരുന്നു ഹേമ കമ്മിറ്റി. മുകേഷിന് എതിരെ ഉയർന്ന ആരോപണത്തിൽ സർക്കാരിന് മൗനം പാലിക്കുകയാണ്.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് എഴുതിയിരിക്കുന്നത് എന്ന കാര്യം അറിഞ്ഞുകൊണ്ട് നാലര വർഷം അതിനുമുകളിൽ അടയിരുന്ന സർക്കാരാണിത്. ഒടുവിൽ പുറത്തുവന്നിട്ടും നടപടിയില്ല.
പ്രാകൃത നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നത്. ആഭ്യന്തരമന്ത്രി ചുമതലയിൽ ഇരിക്കാൻ പിണറായി വിജയന് ഇനിയും എന്ത് യോഗ്യതയാണുള്ളത്. സംസ്ഥാനത്ത് സ്ത്രീ സുരക്ഷ അവതാളത്തിലായ ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് സുരേന്ദ്രൻ പ്രതികരിച്ചു.















