കൊച്ചി: ചൊവ്വാഴ്ച വിളിച്ചു ചേർത്ത താരസംഘടനയായ അമ്മയുടെ യോഗം മാറ്റിവച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉണ്ടായ സംഭവവികാസങ്ങൾ ചർച്ച ചെയ്യാൻ വിളിച്ച എക്സിക്യൂട്ടീവ് യോഗത്തിൽ പ്രസിഡൻ്റ് മോഹൻലാലിന് നേരിട്ട് കൊച്ചിയിലെത്താൻ അസൗകര്യമുള്ളതിനാലാണ് യോഗം മാറ്റിയതെന്ന് സംഘടനയുമായി ബന്ധമുള്ളവർ പറഞ്ഞു.
നിലവിൽ ചെന്നൈയിലുള്ള മോഹൻലാൽ നാളത്തെ എക്‌സിക്യുട്ടീവ് യോഗത്തിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ നേരിട്ട് പങ്കെടുക്കാൻ അസൗകര്യമുണ്ടെന്ന് അറിയിച്ചതോടെയാണ് യോഗം മാറ്റിയത്. ഈയാഴ്ച തന്നെ ചേരുമെന്നും റിപ്പോർട്ടുകളുണ്ട്. പുതിയ സംഭവവികാസങ്ങൾക്കിടയിൽ അമ്മയുടെ യോഗം നിർണായകമെന്നിരിക്കേയാണ് യോഗം മാറ്റിയത്.
പുതിയ ജനറൽ സെക്രട്ടറി തെരഞ്ഞെടുപ്പ്, ഇപ്പോഴത്തെ പ്രതിസന്ധികളെ കുറിച്ചുള്ള വിശദമായ ചർച്ചകളുമായിരുന്നു നാളത്തെ യോഗത്തിന്റെ അജണ്ട. ലൈംഗികാരോപണങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ അമ്മയിൽ ഭിന്നത രൂക്ഷമാണ്. വൈസ് പ്രസിഡന്റുമാരായ ജഗദീഷും ജയൻ ചേർത്തലയും പരസ്യമായി നേതൃത്വത്തിനെതിരേ രംഗത്തെത്തിയിരുന്നു. ആദ്യഘട്ടത്തിൽ സിദ്ദിഖിനൊപ്പം നിന്ന ജയൻ ചേർത്തല ജഗദീഷിന്റെ പ്രതികരണത്തിന് ജനപിന്തുണ കിട്ടിയതോടെ മലക്കം മറിയുകയായിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത് മുതൽ അമ്മയുടെ നിലപാട് സിനിമാ മേഖലയെ തന്നെ ചൊടിപ്പിച്ചിരുന്നു. ഏറെ വിവാദങ്ങൾക്ക് ശേഷമാണ് സിദ്ദിഖിന്റെ നേതൃത്വത്തിൽ വാർത്താ സമ്മേളനം നടത്തി നിലപാടറിയിച്ചത്. പ്രതിസ്ഥാനത്തുള്ളവരെ അമ്മ സംരക്ഷിക്കില്ലെന്ന് പറഞ്ഞ് രണ്ടാം ദിനമാണ് ലൈംഗികാരോപണത്തെ തുടർന്ന് ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജി വച്ചത്.















