കൊച്ചി; ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി. വനിതാ ജഡ്ജിയടങ്ങുന്ന പ്രത്യേക ബെഞ്ചായിരിക്കും ഹർജികൾ പരിഗണിക്കുകയെന്ന് ഹൈക്കോടതി വ്യക്തമാക്കി.
റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമാതാവ് സജിമോൻ പാറയിൽ നൽകിയ അപ്പീൽ പരിഗണിക്കവെ ആയിരുന്നു ആക്ടിങ് ചീഫ് ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പ്രത്യേക ബഞ്ച് രൂപീകരിക്കുമെന്ന് വ്യക്തമാക്കിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയടക്കം മൊത്തം 4 ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
നിലവിലുള്ള ഹർജികളും ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഇനി വരാനിരിക്കുന്ന ഹർജികളും പ്രത്യേക ബെഞ്ചായിരിക്കും പരിഗണിക്കുക. ഏതൊക്കെ ജഡ്ജിമാർ അടങ്ങുന്നതാണ് ബെഞ്ചെന്ന് ആക്ടിങ് ചീഫ് ജസ്റ്റീസ് ആയിരിക്കും തീരുമാനിക്കുക.
സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതു താൽപ്പര്യ ഹർജിയാണ് കോടതിയിലുളളത്. സിനിമാ മേഖലയിലെ അതിക്രമങ്ങളിൽ സർക്കാരിന് ആത്മാർത്ഥതയും സത്യന്ധതയുമില്ലാത്ത സമീപനമാണെന്നും അതുകൊണ്ടു തന്നെ ഇതുമായി ബന്ധപ്പെട്ട കേസുകൾ സിബിഐയ്‌ക്ക് കൈമാറണമെന്നുമാണ് ഹർജിയിലെ ആവശ്യം. കൊച്ചിയിലെ അഭിഭാഷകർ നൽകിയ ഹർജി ആക്ടിങ് ചീഫ് ജസ്റ്റിസടങ്ങിയ ഡിവിഷൻ ബഞ്ചാണ് പരിഗണിച്ചിരുന്നത്.
റിപ്പോർട്ടിന്റെ സമ്പൂർണ്ണ രൂപം സിബിഐയ്‌ക്ക് കൈമാറണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. സജിമോൻ പാറയിൽ നൽകിയ ഹർജിയിൽ നേരത്തെ കോടതി റിപ്പോർട്ട് പുറത്തുവിടുന്നതിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു.















