യു.എ.ഇ ഭരണകൂടം പ്രഖ്യാപിച്ച രണ്ടുമാസത്തെ പൊതുമാപ്പ് കാലയളവിൽ വിസ നിയമലംഘകരെ കൂടാതെ സ്വകാര്യ സ്ഥാപനങ്ങൾക്കും പിഴ ഇളവിനായി അപേക്ഷ സമർപ്പിക്കാം.സ്ഥാപനങ്ങൾക്ക് തൊഴിൽകരാർ, തൊഴിൽ പെർമിറ്റ് എന്നിവയുമായി ബന്ധപ്പെട്ട പിഴകൾ ഒഴിവാക്കാൻ അപേക്ഷ സമർപ്പിക്കാമെന്ന് തൊഴിൽമന്ത്രാലയം അറിയിച്ചു.സെപ്റ്റംബർ ഒന്നുമുതൽ ഒക്ടോബർ 31 വരെ യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച രണ്ടുമാസത്തെ പൊതുമാപ്പ് കാലയളവിൽ വിസ നിയമലംഘകരെ കൂടാതെ സ്വകാര്യ സ്ഥാപനങ്ങൾക്കും പിഴ ഇളവിനായി അപേക്ഷ സമർപ്പിക്കാമെന്ന് മാനവ വിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. തൊഴിൽ മന്ത്രാലയത്തിന് തൊഴിൽ കരാർ സമർപ്പിക്കുന്നതിലെ വീഴ്ചക്കുള്ള പിഴ, വർക്ക് പെർമിറ്റ് പുതുക്കാത്തതിന് ലഭിച്ച പിഴ തുടങ്ങിയ അഡ്മിനിസ്‌ട്രേറ്റീവ് പിഴകളാണ് പൊതുമാപ്പിൽ ഒഴിവായി കിട്ടുക.
ഇതിനായി ആനംസ്റ്റി സെൻററുകളിൽ സ്ഥാപനങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം. പൊതുമാപ്പ് കാലത്ത് മന്ത്രാലയം പ്രഖ്യാപിച്ച നാല് സേവനങ്ങളിൽ ഒന്നാണിത്.വർക്ക് പെർമിറ്റ് നൽകൽ, പുതുക്കൽ, റദ്ദാക്കൽ, ജോലി ഉപേക്ഷിച്ച കേസുകളിലുള്ള പരാതികൾ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങളാണ് മറ്റുള്ളവ.രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർക്ക് പിഴ കൂടാതെ രാജ്യം വിടാനും താമസം നിയമാനുസൃതമാക്കാനുമായി യുഎഇ രണ്ട് മാസത്തെ ഗ്രേസ് പിരീഡ് അനുവദിച്ചിരിക്കുന്നത്.പൊതുമാപ്പ് പ്രഖ്യാപിച്ച് ആദ്യദിവസങ്ങളിൽ തന്നെ നൂറുകണക്കിന് പേരാണ് ഇളവ് പ്രയോജനപ്പെടുത്തിയത്.