പാരിസ് പാരിലിമ്പിക്സ് ഗെയിംസ് 2024ൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ. ചരിത്രത്തിലാദ്യമായി 29 മെഡലുകളാണ് ഇന്ത്യ നേടിയത്. ഏഴ് സ്വർണവും ഒമ്പത് വെള്ളിയും 13 വെങ്കലവും സ്വന്തമാക്കിയ ഇന്ത്യ മെഡൽ പട്ടികയിൽ 18-ാം സ്ഥാനവും സ്വന്തമാക്കി. ട്രാക്കിലും ഫീൽഡിലുമായി 17 മെഡലുകളാണ് പാരാലിമ്പിക്സ് താരങ്ങൾ ഇന്ത്യക്കായി നേടിയത്. ഇതിൽ നാലും സ്വർണമാണ്.
സ്ത്രീകളുടെ 200 മീറ്റർ കയാക്കിംഗിൽ പൂജ ഓജ ഫൈനലിൽ കയറാതെ പുറത്തായതോടെ മെഡൽ വേട്ട 29ൽ അവസാനിപ്പിക്കുകയായിരുന്നു ഇന്ത്യ. പാരാലിമ്പിക്സ് മത്സരത്തിൽ ശക്തികേന്ദ്രങ്ങളായ സ്വിറ്റ്സർലൈൻഡ്, സൗത്ത് കൊറിയ, ബെൽജിയം, അർജന്റീന തുടങ്ങിയ രാജ്യങ്ങളെ മറികടന്നായിരുന്നു ഇന്ത്യ മെഡൽപട്ടികയിൽ 18-ാം സ്ഥാനം കയ്യടക്കിയത്. ഗെയിംസിന്റെ സമാപനച്ചടങ്ങ് ഇന്നുരാത്രി നടക്കും. ഇന്ത്യൻ സമയം രാത്രി 11.30ന് 2024ലെ പാരിസ് പാരാലിമ്പിക്സിന് കൊടിയിറങ്ങും.