മലപ്പുറം: തന്റെ കുടുംബത്തിന്റെ സംരക്ഷണത്തിനായി പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നിലമ്പൂർ എംഎൽഎ പിവി അൻവർ ഡിജിപിക്ക് കത്ത് നൽകി. എംഎൽഎയുടെ ലെറ്റർപാഡിലാണ് കത്ത് നൽകിയിരിക്കുന്നത്.
കേരള പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ താൻ ഉന്നയിച്ച വിഷയങ്ങൾ കേരളം ചർച്ച ചെയ്യുകയാണെന്നും ആ സാഹചര്യത്തിൽ സമൂഹത്തിലെ ചില ക്ഷുദ്ര ശക്തികൾ തന്നെ കൊല്ലുവാനും കുടുംബത്തെ അപായപ്പെടുത്താനും സാദ്ധ്യതയുണ്ടെന്നാണ് അൻവറിന്റെ വാദം. തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ക്രിമിനൽ സംഘം ഊമക്കത്ത് അയച്ചിരുന്നതായും അൻവർ പറഞ്ഞു. കത്തിന്റെ പകർപ്പും കൈമാറിയിട്ടുണ്ട്.
മലപ്പുറം എടവണ്ണ ഒതായിയിൽ താമസിക്കുന്ന കുടുംബത്തിന്റെ സംരക്ഷണത്തിനായി പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്നാണ് ആവശ്യം. നേരത്തെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി തോക്ക് ലൈസൻസിനായി അൻവർ മലപ്പുറം ജില്ലാ കളക്ടർക്ക് അപേക്ഷ നൽകിയിരുന്നു. കളക്ടറുടെ ചേമ്പറിൽ നേരിട്ടെത്തിയായിരുന്നു അന്ന് അപേക്ഷ നൽകിയത്. ഇതിന് പിന്നാലെയാണ് കുടുംബത്തിന്റെ സുരക്ഷയ്‌ക്കായി പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന ആവശ്യവുമായി ഡിജിപിയെ സമീപിച്ചത്.
മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനും എഡിജിപി എംആർ അജിത് കുമാറിനും എതിരെയാണ് അൻവർ ആരോപണങ്ങളുമായി രംഗത്തെത്തിയത്. പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ഉൾപ്പെടെ താൻ ചോർത്തിയെന്നും അൻവർ പരസ്യമായി സമ്മതിച്ചിരുന്നു. ഇക്കാര്യത്തിൽ ഒരു അന്വേഷണവും നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ കീഴിലുളള ആഭ്യന്തര വകുപ്പിന്റെ സുരക്ഷയെപ്പോലും ചോദ്യം ചെയ്യുന്നതാണ് എംഎൽഎയുടെ ഫോൺ ചോർത്തലെന്ന് അന്നു തന്നെ വിമർശനം ഉയർന്നിരുന്നു.
സംഭവത്തിൽ ആരോപണമുന്നയിച്ചതിന് പിന്നാലെ മുഖ്യമന്ത്രിക്കും പാർട്ടി സംസ്ഥാന സെക്രട്ടറിക്കും പരാതി നൽകുകയാണ് എംഎൽഎ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിൽ ഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും എഡിജിപിയിൽ നിന്നും മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്.