ഇന്ത്യൻ ബോക്സോഫീസിൽ ഏറ്റവും അധികം കളക്ഷൻ നേടിയ ചിത്രമായി ശ്രദ്ധകപൂർ നായികയായ സ്ത്രീ-2. ഷാരൂഖ് ചിത്രം ജവാന്റെ ഓൾ ടൈം കളക്ഷൻ 584 കോടിയാണ് സ്ത്രീ മറികടന്നത്. 34-ാം ദിവസം 585.85 കോടി രൂപയാണ് രാജ്കുമാർ റാവു-ശ്രദ്ധ കപൂർ ചിത്രം നേടിയത്. അമർ കൗശിഖ് സംവിധാനം ചെയ്ത ഹൊറർ കോമഡി ചിത്രം 50 കോടി മുതൽ മുടക്കിലാണ് തിയേറ്ററിലെത്തിയത്. 2018 ൽ പുറത്തിറങ്ങിയ സ്ത്രീയുടെ സീക്വലായിരുന്നു സിനിമ. പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് ചിത്രത്തെ വരവേറ്റത്.
ശ്രദ്ധ കപൂറിനും രാജ്കുമാർ റാവുവിനും പുറമെ പങ്കജ് ത്രിപാഠി, അപർശക്തി ഖുറാന, അഭിഷേക് ബാനർജി എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. തമന്ന ഭാട്ടിയ മുതൽ അക്ഷയ് കുമാർ, വരുൺ ധവാൻ വരെയുള്ളവർ കാമിയോ റോളുകളിലും പ്രത്യക്ഷപ്പെട്ടു,
തിയേറ്റർ റൺ ഏകദേശ പൂർത്തിയാക്കിയ ചിത്രം OTT പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുന്നതിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പുറത്തുവരുന്ന വിവരം അനുസരിച്ച് ചിത്രം സെപ്റ്റംബർ 27ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. എന്നാൽ അതിലും ഒരു ട്വിസ്റ്റ് ഉണ്ട്. വാടകയ്‌ക്കാകും സ്ട്രീം ചെയ്യുക എന്നാണ് സൂചന. കുറച്ച് ദിവസങ്ങൾക്ക് ശേഷമാകും സൗജന്യമായി സ്ട്രീം ചെയ്യുക.