ഹൈദരബാദ്: പ്രായപൂർത്തിയാകാത്ത സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിൻ കഴിയുന്ന ഡാൻസ് കൊറിയോഗ്രാഫർ ഷെയ്ഖ് ജാനി ബാഷയുടെ (ജാനി മാസ്റ്റർ) ദേശീയ പുരസ്കാരം റദ്ദാക്കി. നൃത്തസംവിധായകനെതിരെ ഉയർന്ന ലൈംഗികാരോപണത്തിന്റെ ഗൗരവം കണക്കിലെടുത്ത് ദേശീയ അവാർഡ് റദ്ദാക്കുന്നതായി ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം അറിയിച്ചു.
കൂടാതെ ഒക്ടോബർ 8ന് ഡൽഹിയിൽ വിജ്ഞാൻ ഭവനിൽ നടക്കുന്ന 70മത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ ജാനി മാസ്റ്ററിന് നൽകിയ ക്ഷണവും പിൻവലിച്ചു. ധനുഷ് നായകമായ തിരുചിത്രമ്പലം’ എന്ന ചിത്രത്തിലെ നൃത്തസംവിധാനത്തിനാണ് 2022-ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരം ജാനി മാസ്റ്ററിന് ലഭിച്ചത്. കേസിന് ഒരുമാസം മുമ്പായിരിന്നു അവാർഡ് പ്രഖ്യാപനം.
സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ സെപ്തംബർ 19 ന് ഗോവയിൽ വെച്ചാണ് ജാനി മാസ്റ്റർ അറസ്റ്റിലായത്. ദിവസങ്ങൾക്ക് മുമ്പാണ് ഇടക്കാല ജാമ്യം നേടി പുറത്തിറങ്ങിയത്. കൂടെ ജോലി ചെയ്തിരുന്ന പെൺകുട്ടിയെ പല ലോക്കേഷനുകളിൽ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ജാനിക്കെതിരെ പോക്‌സോ കേസാണ് ചുമത്തിയിരിക്കുന്നത്. സംഭവം നടക്കുമ്പോൾ യുവതിക്ക് 16 വയസേ ഉണ്ടായിരുന്നുള്ളൂ. അതിനാലാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. . തെലങ്കാനയിലെ റായ്ദുർഗം പൊലീസ് സ്റ്റേഷനിലെത്തിയാണ് മുദ്രവച്ച കവറിൽ 21കാരി പരാതി നൽകിയത്.