തിരുവനന്തപുരം: പി.വി അൻവറിനെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പി.എം മനോജ്. പാർട്ടി വേറെ ലെവലാണെന്നും അൻവർ തരത്തിൽ പോയി കളിക്കണമെന്നുമാണ് ഫെയ്സ്ബുക്ക് കുറിപ്പിലെ പരാമർശം. എംവി രാഘവന് സാധ്യമല്ലാത്തത് പുതിയകാലത്ത് സാധ്യമാകുമെന്ന് ആർക്കും ‘സ്വപ്നം’ കാണാമെന്നും പിഎം മനോജ് പരിഹസിക്കുന്നു.
പിവി അൻവർ പുതിയ രാഷ്‌ട്രീയ കൂട്ടായ്മയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്ന സാഹചര്യത്തിലാണ് എംവി ആറിനെ പരാമർശിച്ച് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. പിവി അൻവറിനെ പരോക്ഷമായി വിമർശിച്ചു കൊണ്ടായിരുന്നു പോസ്റ്റ്. എംവിആർ പ്രഖ്യാപിച്ച പാർട്ടിയുടെ അവസ്ഥയാണ് പിഎം മനോജ് ചൂണ്ടിക്കാട്ടിയത്. എംവി ആറിന് സാധിക്കാത്തത് ഈ പുതിയ കാലത്ത് സാധ്യമാകുമെന്ന് കരുതാൻ ആർക്കും സ്വപ്നാവകാശമുണ്ട്. പക്ഷേ എടാ മോനെ, ഇത് വേറെ പാർട്ടിയാണ്. പോയി തരത്തിൽ കളിക്ക്! എന്നായിരുന്നു പരിഹാസം.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെ അൻവർ ആരോപണമുന്നയിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് രാഷ്‌ട്രീയ പരാമർശവുമായുള്ള എഫ് ബി പോസ്റ്റ്. എന്നാൽ പിഎം മനോജിന്റെ പ്രസ്താവന തികച്ചും ചട്ടവിരുദ്ധമാണെന്നാണ് വിമർശനം. സർക്കാരിന്റെ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥൻ കക്ഷി രാഷ്‌ട്രീയത്തിൽ ഇടപെടാനോ അഭിപ്രായം പറയാനോ പാടില്ലെന്നതാണ് സർക്കാർ ചട്ടമെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.