എറണാകുളം: നടൻ ടി പി മാധവന് അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ. തിരുവനന്തപുരത്തെ തൈക്കാട് ശാന്തികവാടത്തിൽ വൈകുന്നേരം അഞ്ച് മണിയോടെയാണ് സംസ്കാരചടങ്ങുകൾ നടന്നത്. തൈക്കാട് ഭാരത് ഭവനിൽ നടന്ന പൊതുദർശനത്തിൽ രാഷ്‌ട്രീയ, സാംസ്കാരിക, സിനിമാ മേഖലയിലെ നിരവധി പേർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.
രാവിലെ പത്തനാപുരം ഗാന്ധിഭവനിൽ നടന്ന പൊതുദർശനത്തിൽ ഗാന്ധിഭവൻ കുടുംബാംഗങ്ങളും സാമൂഹിക രാഷ്‌ട്രീയ മേഖലയിലെ നിരവധി ആളുകളും അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിച്ചു. ടി പി മാധവന്റെ സഹോദരി മല്ലിക ഉണ്ണിത്താനും മറ്റ് ബന്ധുക്കളും ഗാന്ധിഭവനിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചിരുന്നു.
സർവ്വമത പ്രാർത്ഥനയ്‌ക്ക് ശേഷമാണ് ഭൗതികദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. ടി പി മാധവനിൽ നിന്ന് അകന്ന് കഴിയുകയായിരുന്ന മക്കൾ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. മകൻ രാജകൃഷണ മേനോൻ, മകൾ ദേവികയുമാണ് തൈക്കാട് ഭാരത് ഭവനിലെത്തിയത്. സംസ്ഥാന സർക്കാരിന് വേണ്ടി സാംസ്കാരിക മന്ത്രി സജി ചെറിയാൻ പുഷ്പചക്രം അർപ്പിച്ചു. ചലച്ചിത്ര നിർമാതാവും നടനും, ജനം ടിവി എക്സിക്യൂട്ടീവ് ചെയർമാനുമായ ജി. സുരേഷ് കുമാർ ആദരാജ്ഞലികൾ അർപ്പിച്ചു.
കുടുംബവുമായി അകന്ന് കഴിഞ്ഞിരുന്ന ടി പി മാധവൻ വർഷങ്ങളായി ഗാന്ധിഭവനിലാണ് താമസിച്ചിരുന്നത്. ആരോരും നോക്കാനില്ലാതെ തിരുവനന്തപുരത്തെ ഒരു ലോഡ്ജിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തെ ചില സുഹൃത്തുക്കളാണ് ഗാന്ധിഭവനിലേക്ക് മാറ്റിയത്.