ബംഗ്ലാദേശിനെതിരെയുള്ള മൂന്നാം ടി20യിൽ സഞ്ജു സാംസന് മിന്നൽ അർദ്ധ സെഞ്ചുറി. 22 പന്തിൽ 8 ഫോറും 2 കൂറ്റൻ സിക്സുമടക്കമാണ് താരത്തിന്റെ 50. കരുതലോടെ തുടങ്ങിയ സഞ്ജു പിന്നീട് കത്തിക്കയറുന്നതാണ് കണ്ടത്. ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ടി20യിൽ മലയാളി താരം നിരാശപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ വിമർശനങ്ങളും ശക്തമായിരുന്നു. ഇതിനാണ് താരമിപ്പോൾ ബാറ്റുകൊണ്ട് മറുപടി നൽകിയത്. ഏഴോവറിൽ ഇന്ത്യ 100 റൺസ് കടന്നു. 4 റൺസെടുത്ത അഭിഷേക് ശർമയുടെ വിക്കറ്റാണ് നഷ്ടമായത്.
രണ്ടാം മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ താരം 7 പന്തിൽ 10 റൺസുമായി പുറത്തായി. ടസ്കിൻ അഹമ്മദിന്റെ സ്ലോ ബോളിൽ നിസാര ഷോട്ട് കളിച്ച് പുറത്താവുകയായിരുന്നു താരം. ആദ്യ ഓവറിൽ രണ്ട് ബൗണ്ടറിയുമായി ഫോമിന്റെ മിന്നലാട്ടങ്ങൾ കാട്ടിയ സഞ്ജു ഒരിക്കൽ കൂടി നിരാശപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ എക്സിൽ വ്യാപക ട്രോളും നിറഞ്ഞു. മുൻതാരങ്ങളടക്കം താരത്തിന് എതിരെ രംഗത്തുവന്നു.
ആദ്യ മത്സരത്തിൽ സഞ്ജു സാംസൺ 29 റൺസ് നേടിയിരുന്നു.