കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ പുറത്താക്കി സിപിഎം. കെ. കെ. രത്നകുമാരിയെ പകരം പ്രസിഡൻ്റായി നിയമിച്ചു. പൊതുസമൂഹത്തിൽ ഉയരുന്ന വിമർശനം രൂക്ഷമായതോടെയാണ് ഗത്യന്തരമില്ലാതെ ദിവ്യയെ നീക്കാൻ സിപിഎം നിർബന്ധിതരായത്. ഇന്നായിരുന്നു നവീൻ ബാബുവിന്റെ സംസ്കാരം പത്തനംതിട്ടയിൽ നടന്നത്. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റാണ് നടപടിയെടുത്തത്.
പാർട്ടിയിൽ നിന്ന് പോലും ഇവർക്കെതിരെ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഇവരുടെ ആരോപണത്തിൽ ഒരു തെളിവും ഇല്ലെന്നും പൊലീസ് കണ്ടെത്തിയിരുന്നു. നവീനിന്റെ വേർപാടിൽ വേദനയുണ്ടെന്നും അന്വേഷണത്തിൽ പൊലീസുമായി സഹകരിക്കുമെന്നും പറഞ്ഞ ദിവ്യ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്നും പറഞ്ഞു.
കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു പിപി ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുത്തിരുന്നു. ബിഎൻഎസ് 108 പ്രകാരം കേസ് എടുത്ത് 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി ദിവ്യയെ പ്രതി ചേർത്തു. കണ്ണൂരിൽ നിന്ന് പത്തനംതിട്ടയിലേക്ക് സ്ഥലം മാറി പോകുന്ന നവീനിന്റെ യാത്രയയപ്പ് ചടങ്ങിലാണ് ദിവ്യ ഉദ്യോഗസ്ഥനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. ധാർഷ്ട്യത്തോടെയായിരുന്നു ഇവരുടെ സംസാരവും.