ന്യൂഡൽഹി: ബോംബ് ഭീഷണിയെ തുടർന്ന് വിസ്താരയുടെ ഡൽഹി-ലണ്ടൻ വിമാനം ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. ഇന്നലെയാണ് വിമാനം ഡൽഹിയിൽ നിന്ന് തിരിച്ചത്. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ വിമാനം ഫ്രാങ്ക്ഫർട്ടിലേക്ക് വഴിതിരിച്ച് വിടുകയായിരുന്നു. വിമാനം ഫ്രാങ്ക്ഫർട്ടിൽ സുരക്ഷിതമായി ഇറക്കിയതായും, സുരക്ഷാ പരിശോധനകൾ പുരോഗമിക്കുകയാണെന്നും കമ്പനി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. സുരക്ഷാ ഏജൻസികളുടെ അനുമതി ലഭിച്ചാലുടൻ വിമാനം ലണ്ടനിലേക്ക് തിരിക്കും.
സമൂഹമാദ്ധ്യമം വഴിയാണ് ഈ സന്ദേശം ലഭിക്കുന്നത്. പിന്നാലെ സുരക്ഷാ മുൻകരുതലെന്ന നിലയിൽ വിമാനം ഫ്രാങ്ക്ഫർട്ടിലേക്ക് തിരിച്ചുവിടാൻ പൈലറ്റുമാർ തീരുമാനിക്കുകയായിരുന്നു. അതേസമയം വിമാനങ്ങൾക്ക് ഇത്തരത്തിൽ തുടർച്ചയായി വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നത് തടയുന്നതിന്റെ ഭാഗമായി കർശന നിയമങ്ങൾ നടപ്പിലാക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം പദ്ധതിയിടുന്നുണ്ട്.
ഇന്നലെ ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്ക് പോകേണ്ടിയിരുന്ന ആകാശ എയറിന്റെ വിമാനത്തിനും പുറപ്പെടുന്നതിന് തൊട്ടുമുൻപായി ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇതോടെ വിമാനത്തിൽ ഉണ്ടായിരുന്ന മുഴുവൻ യാത്രക്കാരേയും തിരിച്ചിറക്കിയ ശേഷം സുരക്ഷാ പരിശോധനകൾ നടത്തുകയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ ഇത്തരത്തിൽ 40ഓളം വിമാനങ്ങൾക്കാണ് ഇത്തരത്തിൽ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. പരിശോധനയിൽ ഇവയെല്ലാം വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.















