ഫിറ്റ്നസും മോശം പ്രകടനവും അച്ചടക്കമില്ലായ്മയും വീണ്ടും പൃഥ്വി ഷായെന്ന താരത്തിന് വെല്ലുവിളിയാകുന്നു. ഏറ്റവും ഒടുവിൽ മുംബൈയുടെ രഞ്ജി ട്രോഫി സ്ക്വാഡിൽ നിന്ന് താരത്തെ ഒഴിവാക്കി. ഫിറ്റ്നസും അച്ചടക്കമില്ലായ്മയും കാരണമാണ് പരിശീലകർ താരത്തെ ഒഴിവാക്കിയതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. താരത്തിന്റെ അച്ചടക്കമില്ലായ്മ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന് തലവേദനയായി. സെലക്ടർമാരും ടീം മാനേജ്മെൻ്റ് താരത്തിനെ ഒരു പാഠം പഠിപ്പിക്കാൻ വേണ്ടിയാണ് ടീമിൽ നിന്ന് ഒഴിവാക്കിയതെന്ന് ക്രിക് ബസ് റിപ്പോർട്ട് ചെയ്യുന്നു.
നെറ്റ്സിലെ പരിശീലനത്തിന് ഷാ എന്നും വൈകിയാണ് എത്തുന്നത്. ഇതിൽ ടീം മാനേജ്മെന്റിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. പരിശീലനം സീരിയസായി കണാതിരുന്ന ഷാ പല സെഷനുകൾ ഒഴിവാക്കുന്നതും പതിവാക്കി. ഷായുടെ അമിത ഭാരവും ഈ സ്പോർട്സിന് വേണ്ട അച്ചടക്കമില്ലായ്മയുടെ ഉദാഹരണമായി മാനേജ്മെന്റ് കരുതുന്നു.
മുതിർന്ന താരങ്ങളായ ശ്രേയസും ശർദൂൽ താക്കൂറും ക്യാപ്റ്റൻ അജിൻക്യ രഹാനയും പരിശീലനം മുടക്കാതിരിക്കുമ്പോൾ ചെറിയ സ്കോറിന് പുറത്തായാൽ പോലും പൃഥ്വി ഷാ പരിശീലനത്ത് വരില്ല. താരത്തെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കുന്നത് മാനേജ്മെന്റിന്റെയും സെലക്ടർമാരുടെയും മാത്രം തീരുമാനമായിരുന്നില്ല, മറിച്ച് ക്യാപ്റ്റനും പരിശീലകനും ഷായെ ടീമിൽ ഉൾപ്പെടുത്താൻ താത്പ്പര്യമില്ലായിരുന്നു. ഈ സീസണിൽ രണ്ടു രഞ്ജി മത്സരം കളിച്ച ഷായുടെ സ്കോർ 7,1,1,39 എന്നിങ്ങനെയാണ്.