കണ്ണൂർ: പി പി ദിവ്യക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് മഹിളാമോർച്ച പ്രവർത്തകർ കണ്ണൂർ എസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ചിന് നേരെ പൊലീസ് അതിക്രമം. പ്രതിഷേധിച്ചവരെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
എഡിഎമ്മിന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുക, പി പി ദിവ്യയെ അറസ്റ്റ് ചെയ്യുക, കളക്ടറെ ചുമതലകളിൽ നിന്നും മാറ്റുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. മാർച്ച് എസ്പി ഓഫീസിന് സമീപമെത്തിയപ്പോൾ ബാരിക്കേഡ് കെട്ടി തടഞ്ഞു.
തുടർന്ന് ബിജെപി ദേശീയ സമിതി അംഗം സി രഘുനാഥ് മാർച്ച് ഉദ്ഘാടനം ചെയ്തു. പ്രവർത്തകർക്ക് നേരെയുള്ള പൊലീസ് നടപടിയിൽ ഏറെനേരം പ്രതിഷേധം ഉയർന്നു. ഒടുവിൽ പൊലീസ് പിന്മാറിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
അതേസമയം പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയുമായി ബന്ധപ്പെട്ട വാദ പ്രതിവാദങ്ങൾ കോടതിയിൽ നടന്നു. പ്രശാന്തൻ മുഖ്യമന്ത്രിക്ക് പരാതി നൽകാനായി കത്ത് തയ്യാറാക്കിയത് നവീൻ ബാബു മരിച്ചതിന് ശേഷമെന്ന് അടക്കമുള്ള കാര്യങ്ങൾ നവീന്റെ കുടുംബത്തിന്റെ അഭിഭാഷകൻ വാദിച്ചു.