കണ്ണൂർ: സിപിഎമ്മിന്റെ കരുതിക്കൂട്ടിയുള്ള നാടകമാണ് പി പി ദിവ്യയുടെ അറസ്റ്റെന്ന് ബിജെപി കണ്ണൂർ ജില്ലാ അദ്ധ്യക്ഷൻ എൻ ഹരിദാസ്. ഉപതെരഞ്ഞടുപ്പ് ഇല്ലായിരുന്നെങ്കിൽ ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പോലും രാജിവയ്‌ക്കില്ലായിരുന്നുവെന്നും ഹരിദാസ് പറഞ്ഞു. പിപി ദിവ്യയുടെ കീഴടങ്ങലും തുടർന്ന് പൊലീസിന്റെ ഒത്താശയോടെ നടക്കുന്ന നാടകങ്ങളും ചൂണ്ടിക്കാട്ടി ജനം ഡിബേറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഷയത്തിൽ പാർട്ടി കുറ്റക്കാരാണെന്ന് തെളിഞ്ഞതിന്റെയും ശക്തമായ സമരങ്ങളുടെയും അടിസ്ഥാനത്തിൽ നിവൃത്തിയില്ലാതെയാണ് പൊലീസ് പി പി ദിവ്യയെ കസ്റ്റഡിയിലെടുത്തത്. പാർട്ടി രക്ഷിക്കുമെന്ന് ഉറപ്പ് കൊടുത്തതിനാലാണ് ദിവ്യ കീഴടങ്ങിയത്. ചോദിക്കാൻ പോകുന്ന ചോദ്യങ്ങൾ നേരത്തെ തന്നെ ദിവ്യയ്‌ക്ക് പൊലീസ് എഴുതി കൊടുത്തിട്ടുണ്ടായിരിക്കും.
പറയേണ്ട ഉത്തരം പൊലീസ് തന്നെ പറഞ്ഞു കൊടുത്തിരിക്കാം. എകെജി സെന്ററിലെ നേതാക്കന്മാർ ഉൾപ്പെടെ ഈ നാടകത്തിന്റെ ഭാഗമാണ്. ആ കുടുംബത്തിന് ഒരു നീതിയും ലഭിക്കില്ല. അയൽ രാജ്യങ്ങളിൽ നടക്കുന്ന പ്രശ്നങ്ങളിൽ പോലും സംസാരിക്കുന്ന എം വി ജയരാജൻ എവിടെ പോയി. സംഭവത്തിൽ അദ്ദേഹം ഒരക്ഷരം മിണ്ടിയിട്ടില്ല.
സംഭവം നടന്ന ദിവസം കളക്ട്രേറ്റിൽ ഉണ്ടായിരുന്ന എല്ലാവരുടെയും മൊഴികളുടെ പകർപ്പ് ദിവ്യയ്‌ക്ക് കിട്ടിയിട്ടുണ്ടാകുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. കാരണം അതിനുള്ള എല്ലാ സംവിധാനവും അന്വേഷണ സംഘം ഒരുക്കി കൊടുക്കും. എഡിഎമ്മിന്റെ മരണം കൊലപാതകമാണോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു. ഒട്ടനവധി സംശയങ്ങളും ദുരൂഹതകളും നിലനിൽക്കുന്നുവെന്നും എൻ ഹരിദാസ് പറഞ്ഞു.