കോതമംഗലം; തൃക്കാരിയൂർ പ്രഗതി ബാലഭവന്റെ പന്ത്രണ്ടാമത് വാർഷികാഘോഷവും ദീപാവലി കുടുംബസംഗമവും ഡോ. അലക്‌സാണ്ടർ ജേക്കബ് ഐ.പി.എസ്. ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ വളർച്ചയിൽ കുടുംബത്തിന്റെ പ്രാധാന്യം എത്രത്തോളം ഉണ്ടെന്നും മാതൃകാകുടുംബം എന്താണെന്നും അദ്ദേഹം ഉദ്ഘാടനഭാഷണത്തിൽ വിശദീകരിച്ചു. ബാലഭവൻ കുട്ടികളുടെ ഭജനയോടുകൂടി ആരംഭിച്ച ചടങ്ങുകൾക്ക് സേവാകിരൺ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് അഡ്വ. എം.കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. രാഷ്‌ട്രീയ സ്വയംസേവക സംഘം വിഭാഗ് സദ്ഭാവന സംയോജക് കെ.പി. രമേശ് ദീപാവലി സന്ദേശം നൽകി.
സമൂഹത്തിലെ വിവിധ മേഖലകളിൽ മാതൃകാപരമായ സേവന പ്രവർത്തനങ്ങൾ ചെയ്തുവരുന്നവർക്കായി സേവാകിരൺ ചാരിറ്റബിൾ സൊസൈറ്റി വർഷംതോറും നൽകി വരുന്ന സേവാകീർത്തി പുരസ്‌കാര സമർപ്പണവും വേദിയെ സമ്പന്നമാക്കി. ദിവ്യാംഗരുടെ അവകാശങ്ങൾക്ക് വേണ്ടി മുന്നണിപോരാളിയായി പ്രവർത്തിക്കുന്ന, പോളിയോ ബാധിച്ച് ഇരുകാലുകളും തളർന്ന, കേരളത്തിന്റെ സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ, സേവന മേഖലകളിൽ സമഗ്ര സംഭാവനകൾ നൽകിയ ഡോ. എൻ ആർ മേനോന് (നാരായണൻ രാമൻ മേനോൻ) ആണ് ഈ വർഷത്തെ സേവാ കീർത്തി പുരസ്‌കാരം ലഭിച്ചത്.
സേവാകിരണിന് വേണ്ടി പ്രസിഡന്റ് അഡ്വ. എം.കെ. നാരായണൻ പുരസ്‌കാരം ഡോ. എൻആർ മേനോന് സമർപ്പിച്ചു. സേവാകിരൺ രക്ഷാധികാരി ഇ.എൻ. നാരായണൻ, കെ.എൻ. ജയചന്ദ്രൻ, ശോഭ രാധാകൃഷ്ണൻ, പ്രഗതി ബാലഭവൻ പ്രസിഡന്റ് ശ്രീദേവി മുരളീധരൻ, കെ.കെ. സുരേഷ് എന്നിവർ സംസാരിച്ചു.
സാഹിത്യരംഗത്ത് നിസ്തുല സംഭാവന നൽകി വരുന്ന തൃക്കാരിയൂർ ചക്കുങ്ങൽ മഠം ശശിധരൻ നമ്പ്യാർ, എ. ലീലാവതി എന്നിവരെ യോഗത്തിൽ അനുമോദിച്ചു.