കാൻബറ: പശ്ചിമേഷ്യൻ സംഘർഷത്തിന് നയതന്ത്രത്തിലൂടെ സമാധാനപരമായ പരിഹാരം കാണാനുള്ള ശ്രമത്തിലാണ് ഭാരതമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. റഷ്യ- യുക്രെയ്ൻ സംഘർഷവും, ഇസ്രായേൽ- ഹമാസ് സംഘർഷവും പരിഹരിക്കേണ്ടത് അനിവാര്യമാണെന്നും എസ് ജയശങ്കർ പറഞ്ഞു. ആറ് ദിവസത്തെ ഓസ്‌ട്രേലിയ സിംഗപ്പൂർ സന്ദർശനത്തിന്റെ ഭാഗമായി ഓസ്‌ട്രേലിയയിൽ എത്തിയതായിരുന്നു അദ്ദേഹം.
” റഷ്യ- യുക്രെയ്ൻ സംഘർഷത്തിന്റെ ഫലമായി ആഗോളതലത്തിൽ 125 രാജ്യങ്ങൾ യുദ്ധത്തിന്റെ ദുരിതവും പ്രയാസങ്ങളും അനുഭവിക്കുന്നു. സംഘർഷത്തിൽ സമാധാനപരമായ പരിഹാരം കാണാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ റഷ്യയിലേക്കും ഓഗസ്റ്റ് മാസത്തിൽ യുക്രെയ്‌നിലേക്കും പോയിരുന്നു. ഇരുരാജ്യങ്ങളിലേയും പ്രസിഡന്റുമാരുമായി കൂടിക്കാഴ്ച നടത്തിയെന്നും ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.
സമാധാനപരമായ ചർച്ചകളിലൂടെ സംഘർഷങ്ങൾക്ക് പരിഹാരം കാണണമെന്ന ഇന്ത്യയുടെ നയത്തെ അനുകൂലിച്ച് മറ്റ് രാജ്യങ്ങളും രംഗത്തെത്തി. ആഗോളതലത്തിൽ നിന്നും ഭാരത്തിന്റെ നയങ്ങൾക്ക് പിന്തുണ ലഭിക്കുന്നുണ്ട്. സംഘർഷങ്ങൾക്ക് പരിഹാരം കാണുന്നതിന് ഇത് സഹായകരമാകുമെന്നും എസ് ജയശങ്കർ കൂട്ടിച്ചേർത്തു.
ഇരു സംഘർഷങ്ങളും വിതരണ ശൃംഖലകൾ തടസപ്പെടുത്തി. ഭക്ഷണം, ഊർജ്ജം തുടങ്ങിയ മേഖലകളിൽ തകർച്ചയുണ്ടായി. യുദ്ധം ബാധിച്ച മേഖലകളിലെ ജനങ്ങൾ ദാരിദ്ര്യം അനുഭവിക്കുന്നുണ്ടെന്നും പട്ടിണി കിടന്ന് മരിക്കുന്നവരുടെ എണ്ണവും വർദ്ധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ സംഘർഷം പരിഹരിക്കാനുള്ള എല്ലാ നടപടിയും ഇന്ത്യ സ്വീകരിക്കുമെന്നും എസ് ജയശങ്കർ വ്യക്തമാക്കി.