കണ്ണൂർ: കണ്ണൂർ ഗവൺമെന്റ് ഐടിഐ കെട്ടിടത്തിന്റെ ഉദ്ഘാടന വേദി എൽഡിഎഫ് സർക്കാരിന്റെ പ്രമോഷൻ വേദിയാക്കി വ്യാവസായിക പരിശീലന വകുപ്പ് ജോയിന്റ് ഡയറക്ടർ ഷമ്മി ബക്കർ. വിദ്യാർത്ഥികൾ എൽഡിഎഫ് സർക്കാരിനോട് പ്രതിബദ്ധത കാണിക്കണമെന്ന് ആയിരുന്നു ഷമ്മി ബക്കറുടെ പരസ്യ ആഹ്വാനം. പരാമർശത്തിനെതിരെ തെരഞ്ഞെടുപ്പു കമ്മീഷനുൾപ്പെടെ പരാതി നൽകിയിട്ടുണ്ട്.
ഇക്കഴിഞ്ഞ മാസം 17 ആം തിയതിയായിരുന്നു സംഭവം. വ്യാവസായിക പരിശീലന വകുപ്പിന്റെ കണ്ണൂർ ഐടിഐയുടെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കണ്ണൂർ ഗവണ്മെന്റ് ഐടിഐയിൽ സംഘടിപ്പിച്ചിരുന്നു. ഉദ്ഘാടന വേദിയിൽ ആശംസ അറിയിക്കാനായി എത്തിയ വകുപ്പിലെ ജോയിന്റ് ഡയറക്ടർ ഷമ്മി ബക്കർ പരസ്യമായി എൽഡിഎഫ് സർക്കാരിനോട് പ്രതിബദ്ധത വേണമെന്ന് വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്യുകയായിരുന്നു.
സാമ്പത്തിക പ്രതിസന്ധിയിലും മന്ത്രി പ്രഖ്യാപിച്ചതുപോലെ ഈ വർഷം നാല് പുതിയ ഐടിഐകൾ കൂടി നടപ്പിലാകുകയാണ്. അതോടൊപ്പം പുതിയ തസ്തികകൾ സൃഷ്ടിക്കപ്പെടുന്നു. അങ്ങനെ നമ്മുടെ ഡിപ്പാർട്ട്‌മെന്റും വികസിക്കുകയാണ്. നമ്മുടെ ഡിപ്പാർട്ട്‌മെന്റ് മാത്രമല്ല കേരളത്തിലെ എല്ലാ ഡിപ്പാർട്ട്‌മെന്റുകളും വികസിക്കുകയാണെന്നും അതുകൊണ്ട് വിദ്യാർത്ഥികളോട് പറയാനുളളത് എൽഡിഎഫ് സർക്കാരിനോടാകണം നമ്മുടെ പ്രതിബദ്ധത എന്നുമായിരുന്നു ഷമ്മി ബക്കറുടെ വാക്കുകൾ.
സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെയാണ് ഒരു സർക്കാർ ഉദ്യോഗസ്ഥൻ തന്നെ രാഷ്‌ട്രീയ പ്രചാരണം ഭരണമുന്നണിക്കുവേണ്ടി നടത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.