പാലക്കാട്: ഉപതെരഞ്ഞെടുപ്പിനെ ബിജെപി ഒറ്റക്കെട്ടായാണ് നേരിടുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപിയുടെ ശക്തി അറിഞ്ഞ, ഇടതു-വലത് പാർട്ടികൾക്ക് നല്ല നിരാശയുണ്ട്. അവർ നിരാശപ്പെട്ടിട്ട് ഒരു കാര്യവുമില്ല. ഞങ്ങൾ ശക്തമായി തന്നെ മുന്നോട്ട് പോകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
“തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഏതെങ്കിലും ബിജെപി നേതാക്കളുടെ പേര് വലിച്ചിഴയ്‌ക്കുന്നത് ദുരുദ്ദേശത്തോടെ മാത്രമാണ്. ശോഭ സുരേന്ദ്രന്റെ പേര് പറഞ്ഞ് രണ്ടാഴ്ച കാലം കുളം കലക്കിയവരാണ് ഇവിടെയുള്ളത്. അവർക്ക് നല്ല നിരാശയുണ്ടായിരിക്കും. ബിജെപി നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് പാർട്ടിക്കുള്ളിൽ അഭിപ്രായ വ്യത്യാസമുണ്ടാക്കാനാണ് അവരുടെ ശ്രമം.
ബിജെപി ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നത്. പരസപരം തമ്മിലടിച്ച് ചോര കുടിക്കാനുള്ള എൽഡിഎഫിന്റെയും യുഡിഎഫിന്റെ നീക്കം വച്ചുപൊറുപ്പിക്കാനാകില്ല. സതീഷിന്റെ വെളിപ്പെടുത്തലിൽ ശോഭ സുരേന്ദ്രന് പങ്കുണ്ടെന്ന് മാദ്ധ്യമങ്ങളും രാഷ്‌ട്രീയക്കാരും ഒറ്റക്കെട്ടായി വന്ന് പറഞ്ഞാലും ഒരു തരിമ്പ് പോലും വിശ്വസിക്കില്ല. എന്റെ ഒരു സഹപ്രവർത്തകയ്‌ക്കെതിരെ വരുന്ന ആരോപണങ്ങൾ ഒരിക്കലും വിശ്വസിക്കാനാകില്ല”.
എന്തിന്റെ പേരിലാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരിക്കുന്നത്. സുരേഷ് ഗോപിയുടെ ഒരു രോമത്തിൽ തൊടാൻ പിണറായി സർക്കാരിന് സാധിക്കില്ല. ബിജെപി ശക്തമായും നിയമപരമായും ഇതിനെ നേരിടും. കേരളത്തിലെ ബിജെപിയുടെ ശക്തി എന്താണെന്ന് പിണറായി വിജയൻ ഇപ്പോഴും മനസിലാക്കിയിട്ടില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.