പാർവതീ പരമേശ്വരന്മാരുടെ പുത്രനായ ഭഗവാൻ ശ്രീമുരുകന്റെ ദിനമാണ് സ്കന്ദ ഷഷ്ഠി. തുലാമാസത്തിലെ ശുക്ലപക്ഷത്തിലെ ഷഷ്ഠി തിഥിയിലാണ് സ്കന്ദഷഷ്ഠി ആഘോഷിക്കുന്നത്.
സർപ്പാകൃതി പൂണ്ട് തിരോധാനം ചെയ്ത മുരുകനെ സ്വരൂപത്തിൽ തന്നെ വീണ്ടും കിട്ടുന്നതിന് പാർവ്വതി 108 ഷഷ്ഠി വ്രതമെടുത്ത് പ്രത്യക്ഷപ്പെടുത്തിയതായും താരകാസുര നിഗ്രഹത്തിനായുള്ള യുദ്ധസമയത്ത് അപ്രത്യക്ഷനായ സുബ്രഹ്മണ്യനെ യുദ്ധക്കളത്തിൽ വീണ്ടും എത്തിക്കുവാനായി ദേവന്മാർ വ്രതമെടുത്ത് ഫലസിദ്ധി നേടി എന്നും പുരാണത്തിൽ പരാമർശിക്കുന്നു.
ഭഗവാൻ സുബ്രഹ്മണ്യൻ ശൂരപദ്മാസുരനെ നിഗ്രഹിച്ച ദിനമാണ് സ്കന്ദ ഷഷ്ഠി. ഭഗവാൻ സ്കന്ദൻ കാർത്തികമാസത്തെ ഷഷ്ഠി നാളിൽ അസുരനായ ശൂരപത്മനെയും അവന്റെ സഹോദരന്മാരായ സിംഹമുഖനെയും താരകാസുരനെയും പരാജയപ്പെടുത്തി എന്ന് സ്കാന്ദപുരാണം ഇക്കാരണത്താൽ സ്കന്ദ ഷഷ്ഠിക്ക് ശൂരൻപോര് എന്നും ശൂരസംഹാരം എന്നും പേരുണ്ട്.
ഇതും വായിക്കുക
ഹരഹരോ ഹരഹര : സ്കന്ദഷഷ്ഠി 2024 നവംബർ 7 വ്യാഴം: ജപിക്കേണ്ട മന്ത്രങ്ങൾ അറിയാം.
ഭക്തിയോടെ അനുഷ്ഠിച്ചാൽ കൃത്യമായ ഫലം ലഭിക്കുന്ന വ്രതമാണ് ഷഷ്ഠി വ്രതം. ഈ വ്രതം എടുക്കുന്നവർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ദർശിക്കുന്നത് വ്രതത്തിന് പൂർണത നൽകും. ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത് സന്താനഭാഗ്യത്തിന് ഏറെ ഗുണകരമാണ്, മഹാരോഗങ്ങൾ കൊണ്ട് ദുരിതം അനുഭവിക്കുന്നവർക്കും ഷഷ്ഠി വ്രതമെടുത്താൽ രോഗശാന്തിയുണ്ടാവും. സന്താനലാഭം, സന്തതികളുടെ ശ്രേയസ്, രോഗനാശം, ദാമ്പത്യസൗഖ്യം, ശത്രുനാശം തുടങ്ങിയവയാണ് ഷഷ്ഠിവ്രതാനുഷ്ഠാനത്തിന്റെ പൊതുവായ ഫലങ്ങൾ. സന്തതികളുടെ ശ്രേയസ്സിനുവേണ്ടി മാതാപിതാക്കളാണ് ഷഷ്ഠിവ്രതം അനുഷ്ഠിക്കേണ്ടത്. തലേദിവസം ഒരുനേരമേ ഭക്ഷണം പാടുള്ളൂ. ഷഷ്ഠിദിവസം ഉപവാസമാണ് ഉത്തമം. ആരോഗ്യപരമായി ഉപവാസം സാധിക്കാത്തവർക്ക് ഉച്ചപ്പൂജയുടെ നിവേദ്യം ക്ഷേത്രത്തിൽ നിന്ന് കഴിക്കാം. ഓർക്കുക, ഏതൊരു വ്രതാനുഷ്ടാനത്തിലും സമർപ്പണമാണ് പ്രധാനം.
പ്രഥമയിൽ തുടങ്ങി ആറുദിവസവും നീണ്ടുനിൽക്കുന്ന ഒരു വ്രതമാണ് ഷഷ്ഠിവ്രതം. ഷഷ്ഠി ദിനം മാത്രമായും, ഷഷ്ഠിദിനത്തിന് പൂർത്തിയാകുന്ന പോലെ ആറുദിവസം തുടർച്ചയായും ഈ വ്രതമെടുക്കാം. സ്കന്ദഷഷ്ഠി ദിവസം സുബ്രഹ്മണ്യഭുജംഗം,സ്കന്ദഷഷ്ടി കവചം, സ്കന്ദ പുരാണം തുടങ്ങിയവ പാരായണം ചെയുന്നത് നല്ലതാണ്. ദേഹശുദ്ധി വരുത്തി മനശുദ്ധിയോടെ ഭഗവത് നാമങ്ങൾ ഉരു വിട്ട് ആഹാരക്രമങ്ങളിൽ പൂർണ്ണനിയന്ത്രണം വരുത്തി സമർപ്പണ മനോഭാവത്തോടെ കഴിയുക എന്നത് വ്രതനിഷ്ഠയുടെ ഭാഗമാണ്. കർശനമായും മാംസ ഭക്ഷണവും മദ്യവും ഒഴിവാക്കണം. വ്രതദിവസവും തലേദിവസവും പകലുറക്കം പാടില്ല. ഒരുനേരം അരി ആഹാരവും മറ്റു സമയങ്ങളിൽ ലഘുഭക്ഷണവും ആകാം.
ഷഷ്ഠിവ്രതം എടുക്കുന്നവർ സൂര്യോദയത്തിന് മുമ്പ് എഴുന്നേറ്റ്, കുളിച്ച് ധ്യാനത്തിന് ശേഷം, മുരുക ക്ഷേത്രത്തിൽ എത്തുകയും വൈകുന്നേരം വരെ പൂജകളിലും മറ്റും പങ്കെടുത്ത് വ്രതം അവസാനിപ്പിക്കാം. കാര്‍ത്തികേയന്റെ ശിശുരൂപത്തെ ജലം കൊണ്ട് ശുദ്ധീകരിച്ച് പുഷ്പം, ചന്ദനം, ചന്ദനത്തിരി, വിളക്ക്, പഴങ്ങള്‍, മധുരപലഹാരങ്ങള്‍, വസ്ത്രങ്ങള്‍ മുതലായവ സമര്‍പ്പിക്കുക.
ഇതും വായിക്കുക
വിദ്യാർത്ഥികൾക്കും ഗവേഷകർക്കും സുബ്രഹ്മണ്യോപാസന ; “പ്രജ്ഞാവിവർദ്ധന കാർത്തികേയ സ്തോത്രം” ജപിക്കാം
ഭക്തിയോടെ വ്രതം എടുക്കുന്നവർക്ക് ഉദ്ദിഷ്ടകാര്യസിദ്ധി ലഭിക്കുമെന്നാണ് വിശ്വാസം. പിറ്റേ ദിവസം ദിവസം പുലർച്ചെ കുളിച്ച് പ്രാർത്ഥിച്ച്, തുളസിയിലയിട്ട ജലവും സേവിച്ച് വ്രതം അവസാനിപ്പിക്കണം.
ഗ്രഹനിലയിൽ ചൊവ്വാദോഷം ഉള്ളവരും, ചൊവ്വാദശയുടെ അപഹാരം നടക്കുന്നവരും, ചൊവ്വ നീച സ്ഥാനത്തു നിൽക്കുന്നവരും ജാതക ഗണനം നടത്തി രാഹു കേതുക്കളുടെ സ്ഥാനം നോക്കി സുബ്രഹ്മണ്യണ്യസ്വാമിക്ക് ഉചിതമായ ഭാവത്തിൽ പരിഹാരം ചെയ്താൽ ഒരുവിധപ്പെട്ട ദുരിതങ്ങൾ ഒക്കെയും മാറും.
സ്കന്ദ ഷഷ്ഠി വൃതം അനുഷ്ഠിക്കുന്നവർ പുതപ്പ് അഥവാ തണുപ്പകറ്റുന്ന വസ്ത്രങ്ങൾ ദാനം നൽകുന്നത് വൃതത്തിനു കൂടുതൽ ഫലം നൽകും.
ഇക്കൊല്ലത്തെ സ്കന്ദഷഷ്ഠി 2024 നവംബർ 7 വ്യാഴാഴ്ചയാണ്.