ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി സെലിബ്രിറ്റികളും സിനിമാപ്രവർത്തകരും വെട്ടിലായിരുന്നു. അനവധി നടന്മാർക്കും നിർമാതാക്കൾക്കും സംവിധായകർക്കുമെതിരെ ലൈംഗികാരോപണങ്ങൾ ഉയർന്നുവന്നു. ഇതിലൊന്നായിരുന്നു നടൻ നിവിൻ പോളിക്കെതിരായ കൂട്ടബലാത്സംഗക്കേസ്.
കോതമംഗലം സ്വദേശിനി നൽകിയ പരാതി പ്രകാരം ദുബായിൽ വച്ച് നിവിനും സംഘവും പീഡിപ്പിച്ചെന്നാണ് പറയുന്നത്. പരാതി ഉയർന്ന ദിവസം തന്നെ മാദ്ധ്യമങ്ങളെ വിളിച്ച് പ്രസ് മീറ്റ് നടത്തിയ നിവിൻ പോളി തന്റെ നിലപാടും പ്രതികരണവും വ്യക്തമാക്കിയിരുന്നു. തനിക്കെതിരായ വ്യാജപരാതി ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതികരിച്ച നടൻ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തു. ഒടുവിൽ നിവിന് കുറ്റകൃത്യത്തിൽ പങ്കില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി, ക്ലിൻ ചിറ്റ് നൽകി. ബലാത്സംഗം നടന്നതായി പറയപ്പെടുന്ന ദിവസം നിവിൻ വിദേശത്ത് പോയിട്ടില്ലെന്നതാണ് പരാതിക്കാരിക്ക് തിരിച്ചടിയായത്. ക്ലിൻ ചിറ്റ് ലഭിച്ച സാഹചര്യത്തിൽ തന്റെ നന്ദിയറിയിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് നിവിൻ.
എന്നിലർപ്പിച്ച വിശ്വാസത്തിനും ഒപ്പം നിന്നതിനും നിങ്ങളോരോരുത്തരുടെയും പ്രാർത്ഥനകൾക്കും ഹൃദയത്തിൽ നിന്ന് നന്ദിയെന്ന് നിവിൻ പോളി സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു. പോസ്റ്റിന് താഴെ നിവിന് പിന്തുണയറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
കേസിൽ ആറാം പ്രതിയായിരുന്നു നിവിൻ. മറ്റ് പ്രതികൾക്കെതിരെ അന്വേഷണം തുടരുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.