എറണാകുളം: പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പിതാവിന് ട്രിപ്പിൾ ജീവപര്യന്തം തടവും 1.50 ലക്ഷം രൂപ പിഴയും. എറണാകുളം അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജി ടി.കെ സുരേഷിന്റേതാണ് വിധി. എറണാകുളം പറവൂർ സ്വദേശിയായ 50 കാരനെയാണ് കോടതി ശിക്ഷിച്ചത്.
2022 മേയിലാണ് കേസിനാസ്പദമായ സംഭവം. മേയ് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ പ്രതി, 16- കാരിയെ ക്രൂരമായി പീഡിപ്പിച്ചു. ഇയാളുടെ ശല്യം സഹിക്കാൻ വയ്യാതെ പെൺകുട്ടി, സ്‌കൂളിലെ കൗൺസിലറോട് വിവരങ്ങൾ പറയുകയായിരുന്നു. സ്‌കൂൾ അധികൃതർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ പിതാവ് കുറ്റക്കാരനാണെന്ന് തെളിഞ്ഞു. 14 സാക്ഷികളെയാണ് പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നും വിസ്തരിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ പ്രവിത ഗിരീഷ്‌കുമാർ ഹാജരായി.