തിരുവനന്തപുരം: മണ്ണന്തല മരുതൂരിൽ തോട്ടിലേക്ക് ഓട്ടോ മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ ഉച്ചയ്‌ക്കാണ് അപകടമുണ്ടായത്. മരുതൂർ ഭാഗത്തേക്ക് പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു.
രണ്ട് പേരായിരുന്നു ഓട്ടോയിൽ ഉണ്ടായിരുന്നത്. ഇതിൽ വാഹനം ഓടിച്ചിരുന്ന ആളെ രക്ഷപ്പെടുത്തി. യാത്രക്കാരനായ മരുതൂർ സ്വദേശി വിജയനെയാണ് കാണാതായത്. തുടർന്ന് നടത്തിയ തെരച്ചിലിൽ ഇയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
തുടർച്ചയായി മഴ പെയ്തതിനാൽ അപകടസമയം തോട്ടിൽ ഒഴുക്ക് കൂടുതലായിരുന്നു. അഗ്നിശമന സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ പെയ്ത കനത്ത മഴയിൽ തിരുവനന്തപുരത്തെ വിവിധയിടങ്ങളിൽ വെളളക്കെട്ട് ഉൾപ്പെടെ രൂപപ്പെട്ടിരുന്നു. മലയോര മേഖലകളിൽ ഉച്ചമുതൽ ശക്തമായ മഴയായിരുന്നു പെയ്തത്. തോട്ടിൽ ശക്തമായ ഒഴുക്കും നിറയെ വെളളവും ഉണ്ടായിരുന്നു. കയറ് കെട്ടിയാണ് ഓട്ടോ കരയിലേക്ക് വലിച്ചടുപ്പിച്ചത്.















