കുമളി: സിപിഎം ലോക്കൽ സമ്മേളനത്തിന് രക്തസാക്ഷി സ്തൂപം ഒരുക്കിയത് കെഎസ്ആർടിസി സ്റ്റാൻഡിലെ പാർക്കിംഗ് സ്ഥലത്ത്. രാത്രിയിലെത്തിയ കെഎസ്ആർടിസി ബസ് തട്ടി സ്തൂപത്തിന്റെ ഭാഗം കേടുവന്നുവെന്ന് ആരോപിച്ച് പുലർച്ചെ പാർട്ടി പ്രവർത്തകരെത്തി ബസിലെ കണ്ടക്ടറെ മർദ്ദിക്കുകയും ചെയ്തു. ഇടുക്കി കുമളിയിലാണ് സംഭവം.
സിപിഎം തേക്കടി ലോക്കൽ സമ്മേളനത്തിന്റെ പ്രചാരണത്തിനായിട്ടാണ് കെഎസ്ആർടിസിയുടെ പാർക്കിംഗ് സ്ഥലം കൈയ്യേറി സ്തൂപം നിർമിച്ചത്. സ്തൂപവും സമീപത്ത് വലിയ കൊടിമരവും താൽക്കാലികമായി സ്ഥാപിച്ചിരുന്നു. കെഎസ്ആർടിസി ബസുകൾ പാർക്ക് ചെയ്തിരുന്ന സ്ഥലത്താണ് അധികൃതരുടെ അനുമതിയില്ലാതെ സിപിഎം പ്രാദേശിക നേതൃത്വം ഇത്തരത്തിൽ നിർമിതി നടത്തിയത്. റോഡരികിൽ ബോർഡ് വെയ്‌ക്കണമെങ്കിൽ പോലും പഞ്ചായത്തിന്റെ അനുമതി വേണമെന്നിരിക്കെയാണ് ഒരു അനുമതിയും വാങ്ങാതെ ആരുമറിയാതെ സിപിഎം പ്രവർത്തകർ രക്തസാക്ഷി സ്തൂപവും കൊടിമരവും സ്ഥാപിച്ചത്.
സ്തൂപം സ്ഥാപിച്ചതോടെ ബസ് പാർക്ക് ചെയ്യാനുളള സ്ഥലവും കുറഞ്ഞു. ഇതിനിടയിലാണ് ബസിൽ കയറാനെത്തിയ യാത്രക്കാരന്റെ കൈ തട്ടി സ്തൂപത്തിന് കേടുപാടുണ്ടായത്. വിവരം അറിഞ്ഞ് പുലർച്ചെ തന്നെ പാർട്ടി പ്രവർത്തകരെത്തി കെഎസ്ആർടിസി ജീവനക്കാരെ ചോദ്യം ചെയ്യുകയായിരുന്നു. വാക്കുതർക്കത്തിനൊടുവിലാണ് കണ്ടക്ടറെ മർദ്ദിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ സിപിഎം പ്രാദേശിക നേതൃത്വം തന്നെ പിന്നീട് ഇടപെട്ട് ഇവിടെ നിന്ന് മാറ്റി. കെഎസ്ആർടിസിയിലെ സിഐടിയു യൂണിയനെ ഇടപെടുത്തി പ്രശ്‌നം ഒത്തുതീർപ്പാക്കാനും നീക്കം നടക്കുന്നുണ്ട്.
നിരന്തരം ബസുകൾ കയറുകയും ഇറങ്ങുകയും ചെയ്യുന്ന സ്ഥലത്താണ് സ്തൂപം വെച്ചിരിക്കുന്നതെന്നും അത് ബസുകൾ തട്ടിയെന്ന് പറഞ്ഞ് ജീവനക്കാരെ അക്രമിക്കുന്നതിനെ ന്യായീകരിക്കാനാകില്ലെന്നും നാട്ടുകാർ പറയുന്നു. ജീവനക്കാരന് മർദ്ദനമേറ്റതോടെ നല്ല കളക്ഷൻ ഉണ്ടായിരുന്ന പുലർച്ചെയുളള കുമളി – കോട്ടയം ട്രിപ്പും മുടങ്ങി. തിരുവനന്തപുരം ഉൾപ്പെടെ ദീർഘദൂര സ്ഥലങ്ങളിലേക്ക് പോകേണ്ട ഒട്ടേറെ യാത്രക്കാർ സ്ഥിരമായി ആശ്രയിച്ചിരുന്ന ട്രിപ്പായിരുന്നു ഇത്.
സംഭവത്തിൽ വിശദമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നാണ് കെഎസ്ആർടിസി അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ ട്രിപ്പ് മുടങ്ങിയതിൽ പരാതി നൽകാൻ കെഎസ്ആർടിസി തയ്യാറാകുന്നുമില്ല. ശനിയും ഞായറുമായിട്ടാണ് ലോക്കൽ സമ്മേളനം നടക്കുന്നത്.