തിരുവനന്തപുരം: നിശ്ചയത്തിന് ശേഷം വരന്റെ ബന്ധുകള്‍ സ്ത്രീധനം ആവശ്യപ്പെട്ടതോടെ വിവാഹത്തില്‍ നിന്നും പിന്‍മാറി വധു. ഇതോടെ കല്ല്യാണം മുടങ്ങി. തുടര്‍ന്നാണ് വധുവിന്റെ വീട്ടുകാര്‍ പരാതിയുമായി വനിതാകമ്മിഷനെ സമീപിച്ചത്. പരാതി പരിഗണിച്ച വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി ഇക്കാര്യത്തില്‍ സ്ത്രീധന നിരോധന ഓഫീസറോട് അടിയന്തരമായി റിപ്പോര്‍ട്ട് ലഭ്യമാക്കാനും നിയമപരമായ നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചു.
ഒരു മാട്രിമോണിയല്‍ സൈറ്റിലൂടെ വന്ന ആലോചനയാണ്. വീട്ടുകാര്‍ സംസാരിച്ച് ഉറപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ വിവാഹത്തിനായി പെൺകുട്ടി നാട്ടിലെത്തി. വിവാഹ നിശ്ചയ ചടങ്ങും കഴിഞ്ഞതോടെയാണ് വരന്റെ അടുത്ത ബന്ധുക്കള്‍ സ്ത്രീധനം ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് പെണ്‍കുട്ടിയും വീട്ടുകാരും വിവാഹത്തില്‍നിന്നും പിന്‍മാറിയതും പരാതിയുമായി വനിതാ കമ്മീഷനെ സമീപിച്ചതും.
വിവാഹത്തിന് മുമ്പുതന്നെ സ്ത്രീധനത്തെ എതിര്‍ക്കാനും അതേക്കുറിച്ച് പരാതി നല്‍കാനും പെണ്‍കുട്ടികള്‍ തയാറാവുന്നത് ഒരു മാറ്റത്തിന്റെ സൂചനയാണെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി പറഞ്ഞു. സ്ത്രീധനവുമായി ബന്ധപ്പെട്ട് വിവാഹ മുടങ്ങിയാൽ ആത്മഹത്യയിൽ അഭയം തേടുകയല്ല, ശക്തമായി പ്രതികരിച്ചുകൊണ്ടു മുന്നോട്ട് വരികയാണ് വേണ്ടതെന്നും സതീദേവി പറഞ്ഞു.