കൊച്ചി: പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ച് പിടിക്കപ്പെട്ടാൽ രക്ഷിതാവിനെയോ വാഹന ഉടമയെയോ കുറ്റക്കാരായി കണക്കാക്കാമെന്ന നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് ഹർജി. വിഷയത്തിൽ ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് വിശദീകരണം തേടി.
മോട്ടർ വാഹന നിയമം തന്റെ കുട്ടി ലംഘിക്കുന്നില്ലെന്ന് രക്ഷിതാവ് ഉറപ്പാക്കണമെന്ന്
നിയമങ്ങളിലൊന്നും പറയുന്നില്ല. അതിനാൽ നിയമലംഘനത്തിന്റെ പേരിൽ രക്ഷിതാവിനെ ശിക്ഷിക്കുന്നത് ഭരണഘടന ഉറപ്പു നൽകുന്ന അവകാശത്തിനു വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നടപടി.
മോട്ടോർ വാഹന നിയമത്തിലെ 199 എ വകുപ്പ് പ്രകാരം പ്രായപൂർത്തിയാകാത്തവർക്ക് വാഹനം ഓടിക്കാൻ നൽകുന്ന രക്ഷിതാവിനെയോ വാഹനത്തിന്റെ ഉടമയെയോ മൂന്ന് വർഷം തടവിന് ശിക്ഷിക്കാം. കേരളത്തിലടക്കം ഇത്തരം നിയമലംഘനങ്ങളിൽ ഈ വ്യവസ്ഥപ്രകാരം തുടർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
വാഹനത്തിന്റെ രജിസ്‌ട്രേഷൻ ആറ് മാസത്തേക്ക് റദ്ദാക്കാനും വാഹനം ഓടിച്ച പ്രായപൂർത്തിയാകാത്ത കുട്ടിക്ക് 25 വയസ് തികയുന്നതുവരെ ലൈസൻസ് നൽകാതിരിക്കാനും ഈ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ ലൈസൻസ് നിഷേധിക്കുന്നതും ഭരണഘടനാ വിരദ്ധമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ആണ് ഹർജി പരിഗണിച്ചത്. ഹർജി ഡിസംബർ 10ന് വീണ്ടും പരിഗണിക്കും.