ഗുരുവായൂർ: ഭക്തരെ വെല്ലുവിളിച്ച് വീണ്ടും ഗുരുവായൂർ ദേവസ്വം. പതിറ്റാണ്ടുകളായി വൃശ്ചികമാസത്തിലെ ഏകാദശിക്ക് നടത്തിയിരുന്ന ഉദയസ്തമന പൂജ ഇത്തവണ തുലാമാസം നടത്തിയാണ് ദേവസ്വം ബോർഡ് ആചാരലംഘനം നടത്തിയിരിക്കുന്നത്. ശബരിമല മണ്ഡല മഹോത്സവം ആരംഭിക്കുന്നതിനാൽ വൃശ്ചികമാസത്തിൽ ഭക്തജന തിരക്ക് വർദ്ധിക്കുമെന്ന വിചിത്രകാരണം ഉയർത്തിയാണ് നടപടി.
ഉദയാസ്തമന പൂജ ഉപേക്ഷിക്കാനുളള ദേവസ്വത്തിന്റെ നടപടിക്കെതിരെ തന്ത്രി കുടുംബത്തിലെ അംഗങ്ങൾ നൽകിയ ഹർജി കോടതിയുടെ പരിഗണനയിലാണ്. ഇതിനിടയിലാണ് തിടുക്കപ്പെട്ട് ഇന്ന് ഉദയാസ്തമന പൂജ നടത്തിയത്. ഉദയാസ്തമന പൂജ നടക്കുമ്പോൾ അഞ്ച് തവണ നട തുറക്കേണ്ടി വരുമെന്നും അത് ബുദ്ധിമുട്ടാണെന്നും ചൂണ്ടിക്കാട്ടിയാണ് പൂജ ഉപേക്ഷിക്കാൻ ദേവസ്വം നീക്കം നടത്തിയത്.
എന്നാൽ ഗുരുവായൂരപ്പന്റെ പ്രതിഷ്ഠാദിനമായ വൃശ്ചികമാസത്തിലെ ഏകാദശി ഏറെ പവിത്രവും വിശേഷവുമായാണ് ഭക്തർ കരുതുന്നത്. അന്ന് നടത്തേണ്ട ഉദയാസ്തമന പൂജയാണ് ഇന്ന് നടത്തി ഭക്തരുടെ വിശ്വാസത്തെ ദേവസ്വം ചോദ്യം ചെയ്തത്. ശങ്കരാചാര്യരാണ് ഏകാദശി ദിവസത്തെ ഉദയാസ്തമന പൂജ ചിട്ടപ്പെടുത്തിയത്.
പൂജ ഒഴിവാക്കാനുളള നീക്കത്തിനെതിരെ ആചാരലംഘന നീക്കം എന്ന് ചൂണ്ടിക്കാട്ടിയാണ് തന്ത്രി കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. തന്ത്രി കുടുംബത്തിലെ 9 അംഗങ്ങളാണ് കോടതിയെ സമീപിച്ചത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി ദേവസ്വത്തിനോട് വിശദമായ സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സംഭവത്തിൽ ഹൈന്ദവ സംഘടനകളും പ്രത്യക്ഷമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ദേവഹിതത്തിൽ തെളിഞ്ഞുവെന്ന് പറഞ്ഞാണ് ഉദയാസ്തമന പൂജ ഒഴിവാക്കാൻ ദേവസ്വം തീരുമാനിച്ചത്. എന്നാൽ ഇത് അതിരഹസ്യമായി നടത്തിയ ഒറ്റരാശി പ്രശ്‌നത്തിലൂടെയാണെന്നാണ് ഭക്ത ജനങ്ങളുടെ ആരോപണം.