നെഞ്ചിൽ നിറയെ നോവുമായി അവരെത്തി, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒപ്പം വോട്ട് ചെയ്തവരില്ലാതെ വോട്ട് രേഖപ്പെടുത്തി മടങ്ങി. ചൂരൽമലയിൽ നിന്ന് 80 വോട്ടർമാർ കെഎസ്ആർടിസിയുടെ വോട്ടുവണ്ടിയിലെത്തി സമ്മതിദാനാവകാശം വിനിയോഗിച്ചു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടർമാരെ വെളുത്ത നിറത്തിലുള്ള പനനീർ പുഷ്പങ്ങൾ നൽകി സ്വീകരിച്ചു.
ചൂരൽമല, മുണ്ടക്കൈ ദുരിതബാധിതർക്ക് വോട്ട് ചെയ്യുന്നതിനായി മേപ്പാടി, ചൂരൽമല പ്രദേശങ്ങളിലായി പ്രത്യേക ബൂത്തുകളിലാണ് വോട്ട് രേഖപ്പെടുത്തിയത്. മുട്ടിൽ, മാണ്ടാട്, തൃക്കൈപ്പറ്റ എന്നിവിടങ്ങളിൽ നിന്നുള്ളവർ രണ്ട് ബസുകളിലായാണ് എത്തിയത്. ഇവർക്കായി കെഎസ്ആർടിസി സൗജന്യ സർവീസ് നടത്തിയിരുന്നു. വോട്ട് ചെയ്യാനായി വരി നിന്നപ്പോൾ പലരും തേങ്ങി. ആറ് മാസം മുൻപ് ഒപ്പം വോട്ട് ചെയ്യാനെത്തിയപ്പോൾ കൂടെ ഉണ്ടായിരുന്നവരില്ല. ഒരു നാടിനെ തന്നെ നാമവശേഷമാക്കിയ ഉരുൾ ദുരന്തത്തിൽ ഇന്നും പലരുടെയും മൃതദേഹങ്ങൾ കിട്ടിയിട്ടില്ല. ജീവൻ ബാക്കി കിട്ടിയവർ ആ പേരുകൾ വോട്ടർ പട്ടികയിലും കണ്ടു. വികാരനിർഭരമായാണ് പലരും അത് ഉൾക്കൊണ്ടത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്ത വെള്ളാർമല സ്കൂളും ഇന്നില്ല. ജനിച്ചുവളർന്ന മണ്ണിൽ തിരികെ എത്തിയെങ്കിലും വീടിരുന്ന സ്ഥലം ഒരു നോക്ക് കാണാനുള്ള ത്രാണി ആർക്കും ഉണ്ടായിരുന്നില്ല. പലരും നാടുവിട്ടു പോയി. അവരെ എല്ലാവരെയും ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞെങ്കിലും അവരുടെയെല്ലാം കണ്ണുകളിൽ കണ്ണീർ തളം കെട്ടികിടപ്പുണ്ടായിരുന്നു. വാക്കുകൾ കൊണ്ട് പൂർണത കൈവരിക്കാൻ സാധിക്കാത്ത വികാരം..