മുംബൈ: മഹാ വികാസ് അഘാഡിയെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മഹാ വികാസ് അഘാഡി ഔറംഗസേബിന്റെ ആരാധകരാണെന്ന് അമിത് ഷാ തുറന്നടിച്ചു. അധികാരമോഹം മാത്രമാണ് മഹാ വികാസ് അഘാഡിക്കും ശിവസേനയുടെ(യുബിടി) ഉദ്ധവ് താക്കറെയ്‌ക്കുമുള്ളതെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്‌ട്രയിൽ പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” പിതാവ് ബാൽ താക്കറെയുടെ തത്വങ്ങൾ ശിവസേന നേതാവ് ഉദ്ധവ് താക്കറെ മറക്കുകയാണ്. അധികാരമോഹം മാത്രമാണ് ഉദ്ധവ് താക്കറെയ്‌ക്ക് മുന്നിലുള്ളത്. അയോദ്ധ്യയിൽ രാമക്ഷേത്രം ഉയർന്നതിന് എതിർപ്പ് പ്രകടിപ്പിക്കുന്ന പാർട്ടികളുമായി ഉദ്ധവ് താക്കറെ സഖ്യത്തിലാണ്. ആർട്ടിക്കിൾ 370, പാകിസ്താൻ സർജിക്കൽ സ്‌ട്രൈക്ക്, അയോദ്ധ്യ രാമക്ഷേത്രം തുടങ്ങിയവയെല്ലാം എതിർത്തവരാണ് മഹാ വികാസ് അഘാഡിയും ശിവസേന (യുബിടി)യും. മഹാ വികാസ് അഘാഡി ഔറംഗസേബിനെ ആരാധിക്കുന്നവരാണ്. എന്നാൽ മഹായുതിയാകട്ടെ ഛത്രപതി ശിവജി മഹാരാജിനെ ആരാധിക്കുന്നവരാണ്.”- അമിത് ഷാ പറഞ്ഞു.
മഹായുതി എന്നതിന്റെ അർത്ഥം വികസനം എന്നാണ്. എന്നാൽ മഹാ വികാസ് അഘാഡി നാശം വിതക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന് വികസനം കൊണ്ടുവരുന്നവരെ വേണോ അതോ രാജ്യത്തിന് നാശം വിതക്കുന്നവരെ വേണോയെന്ന് ജനങ്ങൾ തീരുമാനിക്കണമെന്നും അദ്ദേഹം വ്യക്കതമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ രാജ്യം അതിവേഗം വികസിക്കുകയാണ്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ കാലത്ത് നമ്മുടെ രാജ്യത്തിന്റെ അവസ്ഥ എന്തായിരുന്നുവെന്ന് നമുക്കറിയാം. 11-ാം സ്ഥാനത്ത് നിന്നിരുന്ന സമ്പദ്‌വ്യവസ്ഥയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ അഞ്ചാം സ്ഥാനത്തെത്തിയിരിക്കുന്നത്. സമ്പദ്‌വ്യവസ്ഥയിൽ മൂന്നാം സ്ഥാനത്തേക്കുള്ള കുതിപ്പ് തുടരുകയാണെന്നും അമിത് ഷാ വ്യക്തമാക്കി.