ആവർത്തവകാലത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് വസ്ത്രങ്ങളിൽ പറ്റിപ്പിടിക്കുന്ന രക്തക്കറ. ഇത് നീക്കം ചെയ്യാൻ ചിലപ്പോൾ പഠിച്ചപണി പതിനെട്ടും പയറ്റേണ്ടി വരും. ഉണങ്ങിപ്പിടിച്ച ആർത്തവക്കറകൾ വസ്ത്രങ്ങളിൽ നിന്ന് പോകാൻ പ്രയാസമാണ്. ഇത്തരം സന്ദർഭങ്ങളിൽ കറയുള്ള ഭാഗം കല്ലിൽ ഉരച്ച് വസ്ത്രം കീറിപ്പോകുന്ന അവസ്ഥ വരെ ഉണ്ടാകാം. ആർത്തവക്കറ മാറ്റാനുള്ള എളുപ്പവഴികൾ ഇതാ..
അലക്കുകല്ലിൽ ഉരയ്‌ക്കുന്നതിനേക്കാൾ ഒരു ടൂത്ത്ബ്രഷ് ഉപയോഗിച്ച് കറപുരണ്ട ഭാഗത്ത് ഉരയ്‌ക്കുന്നതാണ് നല്ലത്. ഇത് വസ്ത്രത്തിന് കേടുപാട് സംഭവിക്കുന്നത് തടയും.
കറപറ്റിയ വസ്ത്രം ഡിറ്റർജെന്റിൽ മുക്കിവെക്കുക. ബ്ലീച്ചില്ലാത്ത ഡിറ്റർജന്റാണ് നല്ലത്. ശേഷം ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഉരച്ചുകളയാം.
ഉണങ്ങിയ രക്തക്കറ പോകാനാണെങ്കിൽ ഏറ്റവും നല്ല മാർഗം ഹൈഡ്രജൻ പെറോക്സൈഡ് സൊല്യൂഷനാണ്. ഇളംനിറത്തിലുള്ള വസ്ത്രമാണെങ്കിൽ മാത്രം ഇത് പ്രയോഗിക്കുക. കറയുള്ള ഭാഗത്ത് മാത്രം അൽപം സൊല്യൂഷൻ ഒഴിച്ച്, ശേഷം അവിടെ ബ്രഷ് ഉപയോഗിച്ച് ഉരച്ചാൽ ഉണങ്ങിയ രക്തക്കറ പമ്പകടക്കും.
ബേക്കിംഗ്സോഡയിൽ അൽപം വെള്ളം ഒഴിച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇത് കറയുള്ള ഭാഗത്ത് പുരട്ടി അരമണിക്കൂറിന് ശേഷം ബ്രഷ് ഉപയോഗിച്ച് ഉരച്ച് കഴുകി കളയാം.















