ലോകത്തെ ഏറ്റവും വലിയ സ്വർണശേഖരം ചൈനയിൽ കണ്ടെത്തി. 83 ബില്യൺ ഡോളർ (ഏഴ് ലക്ഷം കോടി) വിലമതിപ്പുള്ള സ്വർണശേഖരമാണ് കണ്ടെത്തിയത്. ലോകത്ത് ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലുതാണിതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ആയിരം മെട്രിക് ടൺ ഉയർന്ന നിലവാരമുള്ള സ്വർണ അയിരാണ് ഇവിടെയുള്ളത്. നേരത്തെ ഈ റെക്കോർഡ് സൗത്ത് ആഫ്രിക്കയ്‌ക്കായിരുന്നു. ദക്ഷിണാഫ്രിക്കയിൽ സ്ഥിതിചെയ്യുന്ന ഖനിയിൽ (South Deep mine) നിന്ന് 900 മെട്രിക് ടൺ അയിര് കണ്ടെത്തിയ റെക്കോർഡാണ് ചൈനയിലെ ശേഖരം പഴങ്കഥയാക്കിയത്.
പിംഗ്ജിയാംഗ് കൗണ്ടിയിലാണ് അത്ഭുതപ്പെടുത്തുന്ന ഈ സ്വർണശേഖരമുള്ളതെന്ന് ഹുനാൻ പ്രവിശ്യയിലെ ജിയോളജിക്കൽ ബ്യൂറോ അറിയിച്ചു. രണ്ട് കിലോമീറ്റർ ആഴത്തിൽ 40 സ്വർണ വെയ്നുകളാണ് അവിടെ കണ്ടെത്തിയത്. ഇതിൽ മാത്രം 300 മെട്രിക് സ്വർണം അടങ്ങിയിരിക്കാമെന്നാണ് വിലയിരുത്തൽ. ഓരോ മെട്രിക് ടൺ അയിരിൽ നിന്നും 138 ഗ്രാം വരെ സ്വർണം ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. ഭൂഗർഭ ഖനികളിൽ നിന്നുള്ള അയിരിൽ 8 ഗ്രാമിൽ കൂടുതൽ സ്വർണം അടങ്ങിയിട്ടുണ്ടെങ്കിൽ അത് ഉയർന്ന നിലവാരമുള്ളതായി കണക്കാക്കും.
ദശലക്ഷക്കണക്കിന് വർഷങ്ങളോളം തുടർച്ചയായി സ്വർണത്തിന്റെ അംശമുള്ള ദ്രാവകങ്ങൾ പാറകളിലൂടെ ചലിക്കുന്നതിന്റെ ഫലമായാണ് സ്വർണ ശേഖരങ്ങൾ രൂപപ്പെടുന്നതെന്ന് പറയപ്പെടുന്നു. 3 ഡി മോഡലിംഗ് ഉപയോഗിച്ച് ഖനനം നടത്താൻ ശ്രമിക്കുകയാണെങ്കിൽ ഇവിടെ നിന്ന് കൂടുതൽ നിക്ഷേപം കണ്ടെത്താൻ സാധിച്ചേക്കുമെന്നാണ് സൂചന. അതിനാൽ ഖനനത്തിനായി നൂതന സാങ്കേതിക വിദ്യകൾ പ്രയോഗിക്കാനാണ് അധികൃതരുടെ നീക്കം.















