മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ അടുത്തവർഷം ആദ്യം ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹം ഭാരതത്തിലെത്തുന്നത്. പുടിന്റെ ഇന്ത്യാ സന്ദർശന തീയതികൾ 2025 ന്റെ തുടക്കത്തിൽ തീരുമാനിക്കുമെന്ന് റഷ്യൻ എംബസി അറിയിച്ചു. രാഷ്‌ട്രീയം, സാമ്പത്തികം, സഹകരണം, പ്രതിരോധം, ഊർജ്ജം തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. 2022-ൽ റഷ്യ-യുക്രെയ്ൻ സംഘർഷം ആരംഭിച്ചതിനുശേഷമുള്ള പുടിൻെറ ആദ്യ ഇന്ത്യാ സന്ദർശനമാകുമിത്.
“വർഷത്തിലൊരിക്കൽ മീറ്റിംഗുകൾ നടത്താൻ ഞങ്ങളുടെ നേതാക്കൾക്ക് ധാരണയുണ്ട്. ഇത്തവണ ഇത് ഞങ്ങളുടെ ഊഴമാണ്. ഞങ്ങൾക്ക് മിസ്റ്റർ മോദിയുടെ ക്ഷണം ലഭിച്ചു, തീർച്ചയായും ഞങ്ങൾ അത് അനുകൂലമായി പരിഗണിക്കും. അടുത്ത വർഷം ആദ്യം സന്ദർശനത്തിനുള്ള താൽക്കാലിക തീയതികൾ കണ്ടെത്തും,” ക്രെംലിൻ നയതന്ത്ര സഹായി യൂറി ഉഷാക്കോവ് പറഞ്ഞു.
2024 ഒക്ടോബറിൽ കസാനിൽ നടന്ന 16-ാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യ സന്ദർശിച്ച പ്രധാനമന്ത്രി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ അവസരത്തിലാണ് അടുത്ത വർഷം 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കായി പ്രസിഡന്റ് വ്ലാദിമിർ പുടിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്. മൂന്നാം തവണയും അധികാരമേറ്റ ശേഷം റഷ്യ സന്ദർശിച്ച മോദിക്ക് രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഡി ഓർഡർ ഓഫ് സെന്റ് ആൻഡ്രൂ ദി അപ്പോസ്തല’ നൽകി പുടിൻ ആദരിച്ചിരുന്നു.