കൊച്ചി: റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനാണ് ഇക്കാര്യം അറിയിച്ചത്. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ശക്തമായ മഴയും കാറ്റും തുടരുന്നതിനാൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തിൽ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് അവധി.
ജില്ലയിലെ അങ്കണവാടികൾ, നഴ്‌സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.സി, ഐ.സി.എസ്.സി സ്‌കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധിയാണ്. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യുകൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ലെന്ന് കളക്ടർ വ്യക്തമാക്കി. നേരത്തെ കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.
കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ട് നിലവിലുള്ള സാഹചര്യത്തിൽ ക്വാറി പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവയ്‌ക്കാനാണ് നിർദേശം. മണ്ണെടുക്കൽ, ഖനനം, കിണർ നിർമാണം തുടങ്ങിയവയും നിർത്തിവയ്‌ക്കണം. ഇനിയൊരു അറിയിപ്പുണ്ടാവുന്നതു വരെ ഇത്തരം പ്രവർത്തനങ്ങൾ പുനരാരംഭിക്കരുതെന്നും ജില്ലാ കളക്ടർ അറിയിച്ചു. മലയോര പ്രദേശങ്ങൾ, വെള്ളച്ചാട്ടങ്ങൾ, ബീച്ചുകൾ, നദീതീരങ്ങൾ തുടങ്ങി ജില്ലയിലെ വിനോദ സഞ്ചാര മേഖലകളിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തി. ചുരം റോഡുകൾ, മലയോര മേഖലകൾ, ഉരുൾപൊട്ടലിന് സാധ്യതയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിലൂടെ വൈകിട്ട് 7 മണി മുതൽ രാവിലെ 7 മണി വരെ അടിയന്തര ആവശ്യങ്ങൾക്കൊഴികെ യാത്ര ചെയ്യരുതെന്നും ജില്ലാ കലക്ടർ അറിയിച്ചു.
കോഴിക്കോട് കക്കയം ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡാമിലെ ജലനിരപ്പ് 755.70 മീറ്റർ ആയതിനെ തുടർന്നാണ് നടപടി. രാത്രിയിൽ കൂടുതൽ മഴ പെയ്യുകയാണെങ്കിൽ ഓറഞ്ച്, റെഡ് അലർട്ട് പ്രഖ്യാപിച്ചേക്കുമെന്നും അധികജലം ഒഴുക്കി വിടുമെന്നും KSEB എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്.
കണ്ണൂരിൽ കനത്ത മഴ തുടർന്ന് പഴശ്ശി റിസർവോയറിൽ അധിക ജലം ഒഴുകി എത്തുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച രാവിലെ 8 മണി മുതൽ ഡാമിന്റെ ഷട്ടറുകൾ തുറന്ന് അധിക ജലം ഒഴുക്കി കളയുന്നതാണെന്ന് പഴശ്ശി ജലസേചന പ്രൊജക്ട് ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഡാമിന്റെ പരിസരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം.