ഗുവാഹത്തി: ബംഗ്ലാദേശിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ ബുക്കിംഗുകൾ സ്വീകരിക്കുന്നത് താത്കാലികമായി നിർത്തിവച്ചെന്നറിയിച്ച് ത്രിപുരയിലെ ഹോട്ടൽ അസോസിയേഷൻ. ബംഗ്ലാദേശി വിനോദസഞ്ചാരികൾക്ക് ഹോട്ടലുകളിൽ മുറികൾ നൽകില്ലെന്നും റെസ്റ്റോറൻ്റുകളിൽ ഭക്ഷണം നൽകില്ലെന്നും ഓൾ-ത്രിപുര ഹോട്ടൽ ആൻഡ് റെസ്റ്റോറൻ്റ് ഓണേഴ്‌സ് അസോസിയേഷൻ തീരുമാനിച്ചു. ഇക്കാര്യം പ്രസ്താവനയിലൂടെയാണ് അസോസിയേഷൻ അറിയിച്ചത്.
ബംഗ്ലാദേശി പൗരന്മാർ ഹോട്ടൽ പരിസരത്ത് പ്രവേശിക്കുന്നത് തടയുന്നതിനായി ഹോലുകളുടെ ഫ്രണ്ട് ഡെസ്‌കുകളിൽ പോസ്റ്ററുകൾ പതിപ്പിക്കുമെന്നും അസോസിയേഷൻ സെക്രട്ടറി ഭാസ്‌കർ ചക്രവർത്തി വ്യക്തമാക്കി. ഇസ്കോൺ സന്യാസി ചിൻമയ് കൃഷ്ണ ദാസിന്റെ അറസ്റ്റിലും ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിലും പ്രതിഷേധിച്ച് ബംഗ്ലാദേശ് ഭരണകൂടത്തിനെതിരെ നൂറുകണക്കിന് ആളുകൾ ത്രിപുരയുടെ തലസ്ഥാനമായ അഗർത്തലയിൽ വൻ റാലി നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹോട്ടൽ അസോസിയേഷന്റെ പ്രസ്താവന എത്തിയത്.
ത്രിപുര സർക്കാരും ബംഗ്ലാദേശിനെതിരെ നിലപാട് കടുപ്പിച്ചിരുന്നു. കോടിക്കണക്കിന് രൂപയുടെ വൈദ്യുതി കുടിശ്ശിക അടയ്‌ക്കാൻ എത്രയും വേഗം ബംഗ്ലാദേശ് തയ്യാറാകണമെന്നാണ് ത്രിപുരയുടെ ആവശ്യം. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ ആക്രമണം വ്യാപകമാകവുകയും ഇടക്കാല സർക്കാർ നോക്കുകുത്തിയായി മാറുകയും ചെയ്ത പശ്ചാത്തലത്തിലാണ് നീക്കങ്ങൾ.