തിരുവനന്തപുരം: ഇന്നുമുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കാനൊരുങ്ങി വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം. ട്രയൽ റൺ കാലയളവ് അവസാനച്ചതിനെ തുടർന്നാണ് കൊമേഴ്സ്യൽ ഓപ്പറേഷൻസ് ആരംഭിക്കുന്നത്. അന്താരാഷ്‌ട്ര തുറമുഖ മേഖലയിൽ ഇതിനോടകം തന്നെ മികച്ച പ്രകടനം കാഴ്ചവച്ച വിഴിഞ്ഞം തുറമുഖം രാജ്യത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൗകര്യാർത്ഥം തുറമുഖത്തിന്റെ ഉദ്ഘാടനച്ചടങ്ങ് വരുംനാളുകളിൽ നടക്കും.
അടുത്ത നാല് വർഷത്തിനകം പതിനായിരം കോടിയുടെ നിക്ഷേപമിറക്കി പദ്ധതി പൂർത്തിയാക്കുകയാണ് അദാനിയും സർക്കാരും തമ്മിലുള്ള ധാരണ. കഴിഞ്ഞ നാല് മാസത്തെ ട്രയൽ റണ്ണിനിടെ 60 കപ്പലുകൾ എത്തിയിരുന്നു. ഒന്നര ലക്ഷത്തോളം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനും കഴിഞ്ഞു.
നിർമാണം പൂർത്തിയായ സാഹചര്യത്തിൽ ചെന്നൈ IITയുടെ ഇൻഡിപെൻഡന്റ് എൻജിനീയർമാരുടെ സംഘം സർട്ടിഫിക്കറ്റ് നൽകും. ചില നിർമാണ പ്രവർത്തനങ്ങൾ ഇനിയും പൂർത്തിയാകാനുണ്ടെങ്കിലും അവ ഓപ്പറേഷനെ ബാധിക്കില്ല. അതിനാൽ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഓഫ് കംപ്ലീഷനാണ് നിലവിൽ ലഭിക്കുക.
റോഡ് കണക്ടിവിറ്റി ഇനിയും പൂർത്തിയാകേണ്ടതിനാൽ കേരളത്തിലേക്കുള്ള കയറ്റിറക്കുമതി വിഴിഞ്ഞത്ത് നിലവിൽ ഉണ്ടാകില്ല. ഭീമൻ കപ്പലുകളിലെത്തുന്ന ചരക്ക് ചെറുകപ്പലുകളിലേക്ക് മാറ്റി രാജ്യത്തിന്റെ മറ്റിടങ്ങളിലേക്ക് എത്തിക്കുന്ന ട്രാൻസ്ഷിപ്മെന്റാണ് തത്കാലം ഉണ്ടാവുക.