ജാഫ്‌ന: ടോൾ ഗേറ്റിൽ ആളുകളിൽ നിന്ന് നികുതി പിരിക്കുന്ന ആനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ശ്രീലങ്കയിലുള്ള രാജ എന്ന ആനയാണ് കക്ഷി. ആനയ്‌ക്കെന്തിനാ പണം എന്ന് ചിന്തിക്കുന്നവരുണ്ടാകാം. അവിടെയാണ് ട്വിസ്റ്റ്. ഈ ആനക്കുട്ടന് വേണ്ടത് കാശല്ല. പകരം പഴങ്ങളും കരിമ്പുമൊക്കെയാണ് ആശാന് വേണ്ടത്.
ബുട്ടല-കതരഗാമ റോഡിലാണ് ഈ നികുതി പിരിവ് പതിവാക്കിയിരിക്കുന്നത്. റോഡരികിൽ കൃത്യമായി നിലയുറപ്പിച്ചിരിക്കുന്ന രാജ ഹൈവേയിലൂടെ കടന്നുപോകുന്ന ആളുകളോട് പഴങ്ങളും മറ്റ് ഭക്ഷണ സാധനങ്ങളും ആവശ്യപ്പെടും. ആരും അവനെ അവഗണിച്ച് പോകാൻ കൂട്ടാക്കാറുമില്ല. ആരെങ്കിലും മൈൻഡ് ചെയ്യാതെ പോയാൽ മുന്നിലേക്ക് കയറി നിന്ന് വാഹനങ്ങൾ തടഞ്ഞു നിർത്താനും രാജയ്‌ക്ക് മടിയില്ല. പിന്നാലെ തന്റെ പങ്കു കിട്ടാൻ തുമ്പിക്കൈ അവരുടെ മുന്നിലേക്ക് നീട്ടും.
രാജയുടെ നിരുപദ്രവകരമായ ഭക്ഷണം ശേഖരിക്കൽ തുടങ്ങിയിട്ട് കാലമേറെയായി. രാജയെ അറിയാവുന്ന പ്രദേശത്തെ യാത്രക്കാർ വഴിയോരത്തെ ചെറിയ തട്ടുകടകളിൽ നിന്നും വാഴപ്പഴം വാങ്ങി കയ്യിൽ കരുതാറുണ്ട്. ഇനി അതുകാരണം യാത്ര മുടങ്ങാൻ പാടില്ലല്ലോ. ശ്രീലങ്കയുടെ പടിഞ്ഞാറൻ തീരത്തെ തെക്കുകിഴക്കൻ തീരവുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന പാതയാണ് ബുട്ടല-കതരഗാമ റോഡ്. ഇരുവശവും നിബിഡമായ വനപ്രദേശമാണ്. അതിനാൽ വന്യജീവികൾ ഇടയ്‌ക്കിടെ റോഡരികിൽ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും രാജ ഇവിടുത്തെ സ്ഥിരം സാന്നിധ്യമാണെന്ന് നാട്ടുകാർ പറയുന്നു.