അഡ്ലെയ്ഡിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിനെതിരെ ആഞ്ഞടിച്ച് മുൻ താരവും കമൻ്റേറ്ററുമായ സുനിൽ ഗവാസ്കർ. ഓസ്ട്രേലിയ പത്തുവിക്കറ്റിനാണ് ഇന്ത്യയെ തോൽപ്പിച്ചതും പരമ്പര സമനിലയിലാക്കിയതും. പിങ്ക് ബോൾ ടെസ്റ്റ് രണ്ടര ദിവസത്തിലാണ് അവസാനിച്ചത്. ഇന്ത്യൻ ടീം ഉത്തരവാദിത്തങ്ങൾ മറക്കരുതെന്നാണ് ഗവാസ്കർ തുറന്നടിച്ചത്.
ഇനി ശേഷിക്കുന്ന മത്സരങ്ങൾ മൂന്ന് മത്സരമുള്ള പരമ്പരയാണെന്ന് കരുതുക. അഞ്ചു മത്സരങ്ങളെന്നത് മറക്കുക. അടുത്ത രണ്ടുദിവസവും പരിശീലനത്തിന് ഇറങ്ങണം. നിങ്ങൾ ഇവിടെ ക്രിക്കറ്റ് കളിക്കാനാണ് വന്നത്. മുറിയിൽ ഇരുന്ന് സുഖിക്കാനല്ല. നിങ്ങൾ ദിവസം മുഴുവൻ പരിശീലിക്കേണ്ട, രാവിലെയും വൈകിട്ടും ഓരോ സെഷൻ വീതം പരിശീലിക്കാമല്ലോ?
രണ്ടുദിവസം പാഴാക്കരുത്. താളം കണ്ടെത്താൻ നിങ്ങൾ സ്വയം അവസരം നൽകണം. നിങ്ങൾ റൺസ് നേടുന്നില്ല. ബൗളർമാർക്ക് താളം കണ്ടെത്താനാകുന്നില്ല. ഓപ്ഷണൽ( ഇച്ഛാനുസൃതമായ) പരിശീലനം കോച്ചിനെയും ക്യാപ്റ്റനെയും ആശ്രയിച്ചാകണം. അവരാകണം ഓപ്ഷനുകൾ നൽകേണ്ടത്. അല്ലാതെ താരങ്ങളല്ല. —-ഗവാസ്കർ പറഞ്ഞു.