പുഷ്പ -2 പ്രീമിയർ ഷോയ്‌ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച കേസിൽ പ്രതിചേർക്കപ്പെട്ട അല്ലു അർജുന് പിന്തുണയുമായി താരങ്ങൾ. നടന്മാരായ നാനി, ബാലയ്യ, വരുൺ ധവാൻ തുടങ്ങിയ താരങ്ങളാണ് അല്ലു അർജുനെ പിന്തുണച്ച് എത്തിയത്. അതിദാരുണമായ ഒരു സംഭവത്തിൽ എല്ലാവരും ഒരാളെ മാത്രം കുറ്റക്കാരനാക്കുന്നത് ശരിയല്ലെന്ന് താരങ്ങൾ വ്യക്തമാക്കി.
സിനിമാ മേഖലയിലുള്ള വ്യക്തികളുമായി ബന്ധപ്പെട്ട ഏത് വിഷയത്തിലും മാദ്ധ്യമങ്ങളും സർക്കാരും കാണിക്കുന്ന ഈ ആവേശം മറ്റുള്ളവരുടെ കാര്യത്തിലും കൂടി കാണിക്കണമെന്ന് നടൻ നാനി എക്സിൽ കുറിച്ചു. ഞങ്ങളും ഈ സമൂഹത്തിൽ ജീവിക്കുന്നവരാണ്. ഒരിക്കലും നടക്കാൻ പാടില്ലാത്ത, നിർഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിൽ എല്ലാവരും കൂടുതൽ ശ്രദ്ധിക്കുകയാണ് വേണ്ടത്. അപകടത്തിന്റെ ഉത്തരവാദിത്വം ഒരാളിൽ മാത്രം അടിച്ചേൽപ്പിക്കരുതെന്നും നാനി കുറിച്ചു.
അല്ലു അർജുനെതിരെ കേസെടുത്തത് അന്യായമാണെന്നും ഇതൊരിക്കലും ശരിയല്ലെന്നുമാണ് ബാലയ്യ എക്സിലൂടെ പ്രതികരിച്ചത്. ഈ ദാരുണമായ സംഭവത്തിൽ ഒരാളെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയായ കാര്യമല്ലെന്നായിരുന്നു നടൻ വരുൺ ധവാന്റെ പ്രതികരണം. താരത്തിന്റെ പുതിയ സിനിമ ബേബി ജോണിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പരിപാടിയിലാണ് വരുൺ ഇക്കാര്യം പറഞ്ഞത്.
നടൻ സുന്ദീപ് കിഷനും അല്ലു അർജുനെ പിന്തുണച്ച് രംഗത്തെത്തി. വലിയ ജനക്കൂട്ടത്തിനിടയിൽ അകപ്പെട്ടുള്ള മരണത്തിന് ഒരു മനുഷ്യൻ മാത്രം എങ്ങനെ ഉത്തരവാദിയാകും. ഇത്തരം സംഭവങ്ങൾ ഇനി ഉണ്ടാകാതിരിക്കാനാണ് എല്ലാവരും ശ്രദ്ധിക്കേണ്ടതെന്ന് സുന്ദീപ് കിഷൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.