ഡെറാഡൂൺ: അയോദ്ധ്യയിലെ തന്റെ പുതിയ സംരംഭത്തിന്റെ ആദ്യ വീഡിയോ പങ്കുവച്ച് ബോളിവുഡ് നടൻ അക്ഷയ് കുമാർ. പുണ്യ നഗരിയിലെ 1250-ലധികം കുരങ്ങുകൾക്ക് ഭക്ഷണം നൽകിയ വീഡിയോയാണ് താരം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവച്ചത്. ആഞ്ജനേയ സേവാ ട്രസ്റ്റുമായി സഹകരിച്ചാണ് അക്ഷയ് കുമാറിന്റെ പുതിയ സംരംഭം. അയോദ്ധ്യയിലെ കുരങ്ങുകൾക്ക് ദിവസേന ഭക്ഷണം നൽകാൻ ഒരു കോടി രൂപയാണ് നടൻ സംഭാവന സംഭാവന നൽകിയത്.
അയോദ്ധ്യയിലെ കുരങ്ങുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതും ഇത് പ്രാദേശിക സമൂഹത്തിനുയർത്തുന്ന വെല്ലുവിളികളും വലിയ തോതിൽ ചർച്ചയായിരുന്നു. ഈ അവസരത്തിലാണ് ക്ഷേത്ര പരിസരങ്ങളിലും നഗരവീഥികളിലും അലഞ്ഞുതിരിയുന്ന കുരങ്ങുകൾക്ക് ആവശ്യമായ ഭക്ഷണമെത്തിക്കാൻ താരം മുൻകൈയെടുത്തിരിക്കുന്നത്.
അയോദ്ധ്യയിലെ കുരങ്ങുകളുടെ ക്ഷേമത്തിന് സംഭാവന നൽകാനുള്ള അവസരത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. “ഒരു ചെറിയ ശ്രമം” എന്നാണ് പോസ്റ്റിന് അടിക്കുറിപ്പായി നൽകിയിരിക്കുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പേരുകേട്ട അക്ഷയ്‌കുമാറിന്റ പുതിയ ഉദ്യമത്തിന് ഇതിനോടകം നിരവധി പേരാണ് അഭിനന്ദനവുമായെത്തിയത്.
കുരങ്ങുകൾക്ക് ദിവസേന ശുദ്ധവും പോഷകസമൃദ്ധവുമായ ഭക്ഷണം നൽകുകയാണ് ലക്ഷ്യമെന്ന് പോസ്റ്റിൽ പറയുന്നു. സുരക്ഷയ്‌ക്കും ശുചിത്വത്തിനുമാണ് മുൻഗണന. കുരങ്ങുകൾക്കുള്ള വാഴപ്പഴങ്ങൾ ഉൾപ്പെടയുള്ള ഭക്ഷണ സാധനങ്ങൾ വാനുകളിൽ എത്തിക്കും. കൂടാതെ ഒരു സവിശേഷമായ മാലിന്യസംസ്കരണ പ്രക്രിയയും ഈ സംരംഭത്തിൽ ഉൾപ്പെടുന്നു. കുരങ്ങുകൾ വലിച്ചെറിയുന്ന പഴത്തൊലികൾ ശേഖരിച്ച് പശുക്കൾക്ക് നൽകുന്നു. പശുവിന്റെ ചാണകം വാഴത്തൈകൾ നട്ടുവളർത്താൻ വളമായി ഉപയോഗിക്കുകയും ചെയ്യുന്നു. ജഗത്ഗുരു സ്വാമി രാഘവാചാര്യ ജി മഹാരാജിന്റെ നേതൃത്വത്തിൽ ആഞ്ജനേയ സേവാ ട്രസ്റ്റാണ് ഈ സംരംഭം ഏകോപിപ്പിക്കുന്നത്.