എറണാകുളം: ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകാത്തവർക്കും പ്രത്യേക അന്വേഷണ സംഘത്തെ സമീപിച്ച് പരാതി നൽകാമെന്ന് ഹൈക്കോടതി. മൊഴി നൽകിയവർക്ക് ഭീഷണിയുണ്ടെങ്കിൽ നോഡൽ ഓഫീസർമാരെ അറിയിക്കാമെന്നും പരാതിയുള്ളവർ ജനുവരി 31-നകം പരാതി നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ എ കെ ജയശങ്കർ നമ്പ്യാർ, സി എസ് സുധ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിർദ്ദേശം.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 50 കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അതിൽ നാല് കേസുകളിൽ അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിച്ചെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ഹൈക്കോടതിയിൽ നിലവിലുള്ള കേസിൽ കക്ഷി ചേരാൻ നടി രഞ്ജിനി നൽകിയ അപേക്ഷയും കോടതി പരിഗണിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ രഹസ്യസ്വഭാവം നിലനിർത്തണമെന്നാണ് രഞ്ജിനിയുടെ ആവശ്യം. സുപ്രീം കോടതിയിലെ കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകിയ ശേഷം, മൊഴി നൽകാൻ പ്രത്യേകാന്വേഷണ സംഘം ആവശ്യപ്പെട്ടുവെന്ന് രഞ്ജിനി ആരോപിച്ചു.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം പരാതി നൽകിയ മേക്കപ്പ് ആർട്ടിസ്റ്റുകളെ സംഘടനയിൽ നിന്ന് പുറത്താക്കിയതായി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ അഭിഭാഷക കോടതിയെ അറിയിച്ചു. വിഷയത്തിൽ പരാതിയുള്ളവർക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.