രണ്ടാമൂഴത്തിന് ദൃശ്യഭാഷ്യമെന്ന സ്വപ്നം ബാക്കിവെച്ച് എം. ടി മടങ്ങി. ഒട്ടനവധി പുരസ്‌കാരങ്ങള്‍ നേടിയ രണ്ടാമൂഴം സിനിമാരൂപത്തില്‍ എത്തുമെന്ന് കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. അടുത്തിടെ ഇതിനുള്ള ഒരുക്കങ്ങൾ നടക്കുകയാണെന്നും അധികം വൈകാതെ വിവരങ്ങൾ പുറത്ത് വിടുമെന്നും എം ടിയുടെ മകൾ അശ്വതി വി. നായര്‍ പറഞ്ഞിരുന്നു. എന്നാൽ പ്രഖ്യാപനത്തിന് കാത്ത് നിൽക്കാതെയാണ് വിശ്വസാഹിത്യകാരന്റെ മടക്കം.
എഴുത്തുകാരനായാണ് അദ്ദേഹം കൈയ്യൊപ്പ് ചാർത്തിയതെങ്കിലും മലയാള സിനിമയ്‌ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ വളരെ വലുതാണ്. മലയാള സിനിമയിൽ മികച്ച തിരക്കഥയ്‌ക്കുള്ള പുരസ്കാരം ഏറ്റവും കൂടുതൽ വാങ്ങിയ എംടിയെ മറികടക്കാൻ ഇതുവരെ മറ്റാർക്കും സാധിച്ചിട്ടില്ല.
1965ൽ മുറപ്പെണ്ണിന്റെ തിരക്കഥ ഒരുക്കിയാണ് വെള്ളിവെളിച്ചത്തിലേക്ക് എം.ടി എന്ന രണ്ടക്ഷരം രംഗപ്രവേശം ചെയ്തത്. ഓളവും തീരവും, അസുരവിത്ത്, ഇരുട്ടിന്റെ ആത്മാവ്, ഓപ്പോള്, നിർമ്മാല്യം, പഞ്ചാഗ്നി, നഖക്ഷതങ്ങള്, വൈശാലി, പെരുന്തച്ചന്, ഒരു വടക്കന് വീരഗാഥ, ഉത്തരം, ചെറുപുഞ്ചിരി, ആരണ്യകം തുടങ്ങി നിരവധി ചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥയൊരുക്കി.
എം.ടി. യുടെ ആദ്യ സംവിധാനം 1973ൽ പുറത്തിറങ്ങിയ നിർമ്മാല്യം എന്ന ചിത്രമായിരുന്നു. ആദ്യ സംവിധാനത്തിന് തന്നെ രാഷ്‌ട്രപതിയുടെ സ്വർണപതക്കം ലഭിച്ചു. അപൂർവമായിട്ടേ എം.ടി തന്റേതല്ലാത്ത കഥയ്‌ക്ക് തിരക്കഥയോ സംവിധാനമോ നിർവ്വഹിച്ചിട്ടുള്ളൂ. അതിൽ പ്രധാനമായിരുന്നു കടവ്. പ്രിയ സുഹൃത്ത് കൂടിയായ എസ്.കെ പൊറ്റെക്കാടിന്റെ കടത്തുതോണി എന്ന ചെറുകഥയെ ആസ്പദമാക്കി 1991ലാണ് ഈ ചിത്രം ചെയ്തത്.
തന്റെ എഴുത്തിന് മുകളിൽ ഒരു സിനിമ പോയിട്ടുണ്ടെങ്കിൽ അത് സദയമാണെന്ന് എംടി പറഞ്ഞിരുന്നതായി സംവിധായകൻ സിബി മലയിൽ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എംടിയുടെ ഒൻപത് കഥകൾ ചേരുന്ന ആന്തോളജി സിനിമയായ മനോരഥങ്ങൾ അദ്ദേഹത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് പ്രദർശനത്തിനെത്തിയത്. അദ്ദേഹത്തിന്റെ എഴുത്തിൽ പിറന്ന ചിത്രങ്ങൾ ഒടിടി വഴി എത്തിയത് കാലം കരുതിവെച്ച അപ്രതീക്ഷിത നീക്കമായിരിക്കാം.