ഉദ്യാനങ്ങളിൽ പൂച്ചെടികളുടെ കൂട്ടത്തിൽ മുൻനിരയിൽ നിൽക്കുന്ന ചെടിയാണ് റോസാ ചെടി. പൂത്തുലഞ്ഞ് റോസ് പൂക്കൾ നിൽക്കുന്നത് കാണാൻ തന്നെ പ്രത്യേക രസമാണ്. ചുവപ്പ്, വെള്ള, മഞ്ഞ, റോസ്, ഓറഞ്ച് തുടങ്ങിയ നിറങ്ങളിൽ റോസ് പൂക്കൾ ഉണ്ടാകുന്ന റോസാ ചെടികൾ ഇന്ന് വിപണിയിൽ സുലഭമാണ്. എന്നാൽ ചെടി എത്ര വളർന്നാലും പൂക്കളുണ്ടാകുന്നില്ലെന്ന പരാതികൾ പലരും പറഞ്ഞ് നാം കേട്ടിരിക്കും. അത്തരക്കാർക്ക് വീട്ടിലെ ചില വസ്തുക്കൾ ഉപയോഗിച്ച് പരിഹാരം കാണാം..
മുട്ടത്തോട്
ബഹുഭൂരിപക്ഷം ആളുകളുടെയും വീടുകളിൽ കാണുന്ന ഭക്ഷ്യവസ്തുക്കളിലൊന്നാണ് മുട്ട. ഇത് ഉപയോഗിച്ച് കഴിഞ്ഞാൽ ബാക്കി വരുന്ന മുട്ടത്തോട് റോസാ ചെടിക്കായി ഉപയോഗിക്കാം. മുട്ടത്തോടിൽ കാത്സ്യം അടങ്ങിയിരിക്കുന്നു. ഇത് ചെടിയുടെ വളർച്ചയെ സഹായിക്കുന്നു. ചെടിയുടെ കോശങ്ങളെ ശക്തിപ്പെടുത്താനും കീടങ്ങളെ നശിപ്പിക്കാനും സഹായിക്കുന്നു. മുട്ടത്തോട് മണ്ണിൽ ലയിക്കുമ്പോൾ പോഷകങ്ങൾ കൂടുതലാകുന്നു. ഇത് ചെടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും കൂടുതൽ പോഷകങ്ങൾ ആഗിരണം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.
ചായപ്പൊടി
ദിവസവും ഒരു കപ്പ് ചായയിൽ പ്രഭാതം തുടങ്ങുന്നവരായിരിക്കും നമ്മിൽ ബഹുഭൂരിപക്ഷവും. ചായ കുടിച്ച് ബാക്കി വരുന്ന ചായപ്പൊടി ഇനി വെറുതെ കളയേണ്ട. റോസാ ചെടിക്ക് ഇട്ടുനൽകാം. ചായപ്പൊടിയിൽ ടാന്നിൻ അടങ്ങിയിട്ടുണ്ട്. ഇത് മണ്ണിന്റെ അസിഡിറ്റി വർദ്ധിപ്പിക്കുന്നു. ഇത്തരത്തിലുള്ള മണ്ണിൽ വളരാനാണ് റോസാ ചെടിക്ക് ഇഷ്ടം. നൈട്രജന്റെ ആഗിരണത്തിനും ഇത് വളരെയധികം സഹായിക്കുന്നു.
പഴത്തൊലി
പഴുത്ത വാഴപ്പഴത്തിന്റെ തൊലി റോസാ ചടികൾക്ക് ഇട്ടു നൽകുന്നത് നല്ലതാണ്. ഇതിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. രോഗാണുക്കളിൽ നിന്നും ചെടിയെ സംരക്ഷിച്ച് നിർത്താൻ ഇത് സഹായിക്കുന്നു. പ്രതികൂല കാലാവസ്ഥ തരണം ചെയ്യാനും ചെടിയെ സഹായിക്കും. ഒരു പഴത്തിൽ കുത്തി റോസാ ചെടി നടുന്നത് ഗുണകരമാണ്.