ന്യൂഡൽഹി: കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (CBCI) ഡൽഹിയിലെ ആസ്ഥാനത്ത് സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്രൈസ്തവ സഭാ നേതാക്കളുടെയൊപ്പം ഇത്തവണത്തെ ക്രിസ്മസ് ആഘോഷിക്കാൻ കഴിഞ്ഞത് സൗഭാഗ്യമായി കരുതുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
“സിബിസിഐയുടെ 80-ാം വാർഷികം ആഘോഷിക്കാൻ പോകുന്ന അവിസ്മരണീയ നിമിഷത്തിൽ സിബിസിഐയുമായി ബന്ധപ്പെട്ട എല്ലാവരെയും അഭിനന്ദിക്കുകയാണ്. നിങ്ങളിൽ നിന്ന് എപ്പോഴും എനിക്ക് സ്നേഹവും വാത്സല്യവും ലഭിച്ചിട്ടുണ്ട്. ഇതേ സ്നേഹമാണ് മാർപാപ്പയെ നേരിൽ കണ്ടപ്പോഴും അനുഭവപ്പെട്ടത്. ഇറ്റലിയിൽ നടന്ന G7 ഉച്ചകോടിക്കിടെ ഫ്രാൻസിസ് മാർപാപ്പയെ കാണാൻ സാധിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അദ്ദേഹവുമായുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയായിരുന്നു അത്. ഇന്ത്യ സന്ദർശിക്കാൻ അദ്ദേഹത്തെ ഞാൻ ക്ഷണിക്കുകയും ചെയ്തു. “- നരേന്ദ്രമോദി പറഞ്ഞു
ചടങ്ങിനെ അഭിസംബോധന ചെയ്ത അദ്ദേഹം കർദ്ദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാടിനെ തദവസരത്തിൽ അഭിനന്ദിക്കുകയും ചെയ്തു. ഭാരതത്തിന്റെ പുത്രൻ കർദ്ദിനാളാകുന്നത് രാജ്യത്തിന് അഭിമാനമാണെന്നായിരുന്നു നരേന്ദ്രമോദിയുടെ വാക്കുകൾ. സ്നേഹവും സാഹോദര്യവുമാണ് ക്രിസ്തുവിന്റെ സന്ദേശം. എന്നാൽ മതസൗഹാർദ്ദത്തിന് പരിക്കേൽപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അതിൽ തനിക്ക് വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പരസ്പരം ഭാരങ്ങൾ വഹിക്കണമെന്നാണ് ബൈബിളിൽ പറയുന്നത്. നമ്മുടെ സ്ഥാപനങ്ങളും സംഘടനകളും ഈ ആദർശവുമായി പ്രവർത്തിക്കുന്നു. കരുണയുടേയും നിസ്വാർത്ഥ സേവനത്തിന്റെയും പാതയാണ് യേശുക്രിസ്തു ഈ ലോകത്തിന് കാണിച്ചുനൽകിയത്. ഈ ആശയം ശക്തിപ്പെടുത്താൻ നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം. ‘സബ്കാ സത്, സബ്കാ വികാസ്, സബ്കാ പ്രയാസ്’ എന്ന ലക്ഷ്യവുമായാണ് ഇന്ന് നമ്മുടെ രാജ്യം മുന്നോട്ട് പോവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.