ക്രിസ്മസ് ആഘോഷിക്കാനുള്ള ഓട്ടത്തിലാണ് ലോകം മുഴുവൻ. ഇന്ന് ക്രിസ്മസ് തലേന്നായതിനാൽ ജോലി സ്ഥലങ്ങളിൽ നിന്ന് വീട്ടിലേക്ക് ഓടിയെത്താൻ ശ്രമിക്കുന്ന നിരവധിയാളുകളുണ്ട്. ക്രിസ്മസ് ദിനം കുടുംബത്തോടൊപ്പം ആഘോഷിക്കാൻ ഫ്ലൈറ്റെടുത്ത് വരാൻ ശ്രമിച്ചവരാണ് നിലവിൽ പെട്ടിരിക്കുന്നത്. സാങ്കേതികമായ പ്രശ്നത്തെ തുടർന്ന് അമേരിക്കൻ എയർലൈൻസിന്റെ എല്ലാ ആഭ്യന്തര ഫ്ലൈറ്റുകളും അടിയന്തരമായി ലാൻഡ് ചെയ്തു.
ഇതോടെ അമേരിക്കയിലെ എല്ലാ എയർപോർട്ടുകളിലും അമേരിക്കൻ എയർലൈൻസിന്റെ യാത്രക്കാർ ‘പോസ്റ്റായി’. ക്രിസ്മസ് ഈവ് ആഘോഷിക്കാൻ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പുറപ്പെട്ട ഓരോരുത്തരും എയർപോർട്ടിൽ അക്ഷമരായി കാത്തിരിക്കുന്ന ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു. സാങ്കേതിക പ്രശ്നം പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നും യാത്രക്കാരോട് ക്ഷമ ചോദിക്കുകയാണെന്നും അമേരിക്കൻ എയർലൈൻ പ്രതികരിച്ചു. ലോകത്തെ ഏറ്റവും വലിയ എയർലൈൻ ഓപ്പറേറ്ററാണ് അമേരിക്കൻ എയർലൈൻസ്.