ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുമായുളള സഖ്യം അബദ്ധമായിപ്പോയെന്ന് തുറന്നടിച്ച് കോൺഗ്രസ്. ഡൽഹിയിൽ എഎപി സർക്കാരിനെതിരെ ധവളപത്രം പുറത്തിറക്കുന്ന പരിപാടിയിലാണ് കോൺഗ്രസ് നേതാവ് അജയ് മാക്കന്റെ ആത്മവിമർശനം. 12 കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് കോൺഗ്രസ് ധവളപത്രം പുറത്തിറക്കിയത്.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേജരിവാളിനെയും ആം ആദ്മി പാർട്ടിയെയും ലക്ഷ്യമിട്ടാണ് കോൺഗ്രസ് ധവളപത്രം അവതരിപ്പിക്കുന്നത്. കേജരിവാളിനെതിരെ രൂക്ഷ വിമർശനമാണ് അജയ് മാക്കൻ ഉന്നയിച്ചത്. കേജരിവാൾ രാജ്യവിരുദ്ധനാണെന്നും കോൺഗ്രസ് നേതാവ് തുറന്നടിച്ചു.
കോൺഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായ ഒരു പിഴവായിരുന്നു കേജരിവാളുമായുള്ള സഖ്യം. അത് ഇനിയെങ്കിലും തിരുത്തപ്പെടണമെന്ന് അജയ് മാക്കൻ പറഞ്ഞു. ജൻലോക്പാൽ സമരത്തിലൂടെയാണ് കേജരിവാൾ അധികാരത്തിലെത്തിയത്. എന്നാൽ അഴിമതി വിരുദ്ധ ഓംബുഡ്‌സ്മാൻ രൂപീകരിക്കുന്നതിൽ പോലും കേജരിവാൾ പരാജയമായിരുന്നുവെന്ന് അജയ് മാക്കൻ ചൂണ്ടിക്കാട്ടി. പഞ്ചാബിലും ജൻലോക്പാൽ രൂപീകരിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ ലഫ്. ഗവർണറെ പഴിചാരി കേജരിവാളിന് രക്ഷപെടാം. എന്നാൽ എന്തുകൊണ്ടാണ് പഞ്ചാബിൽ ഈ സംവിധാനം ഇതുവരെ രൂപീകരിക്കാത്തതെന്ന് അജയ് മാക്കൻ ചോദിച്ചു. രാജ്യം കണ്ട ഏറ്റവും വലിയ ചതിയനാണ് കേജരിവാളെന്നും അജയ് മാക്കൻ വിമർശിച്ചു. ഡൽഹിയെ ലണ്ടൻ പോലെയാക്കുമെന്നാണ് എഎപി നൽകിയ വാഗ്ദാനം. എന്നാൽ ഇന്ന് ഡൽഹി രാജ്യത്തെ ഏറ്റവും അന്തരീക്ഷ മലിനീകരണം ഉള്ള നഗരമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.