കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രവേശന കവാടത്തിൽ ആംബുലൻസ് ഇടിച്ച് വയോധികൻ മരിച്ചു. കോട്ടയം മാഞ്ഞൂർ സ്വദേശി തങ്കപ്പൻ (79) ആണ് മരിച്ചത്. ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം.
ഡോക്ടറെ കണ്ട് മടങ്ങുന്നതിനിടെയാണ് തങ്കച്ചനെ ആംബുലൻസിടിച്ചത്. മരുന്ന് വാങ്ങിയ ശേഷം ആശുപത്രിയിൽ നിന്ന് പുറത്തേക്കിറങ്ങി വരികയായിരുന്നു വയോധികൻ. ഈ സമയം ആശുപത്രിയിലേക്ക് വന്ന ആംബുലൻസ് ഇദ്ദേഹത്തെ ഇടിച്ച് വീഴ്‌ത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വയോധികനെ ഉടൻ തന്നെ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ വൈകിട്ടോടെയാണ് മരിച്ചത്. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തിട്ടുണ്ട്.