15 വയസിൽ സിനിമ ചെയ്യുമ്പോൾ തന്റെ പ്രായത്തെ കുറിച്ച് ആരും ചിന്തിച്ചിരുന്നില്ലെന്ന് നടി ശോഭന. മികച്ച കൊമേഷ്യൽ ആർട്ടിസ്റ്റ് എന്നതിലുപരി അവൾക്ക് 15 വയസ് മാത്രമേ ആയിട്ടുള്ളൂവെന്ന് ആരും ചിന്തിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ കൊച്ചുകുട്ടിയാണെന്ന വിചാരം തനിക്ക് ഉണ്ടായിരുന്നില്ലെന്നും ശോഭന പറഞ്ഞു. നൃത്തസംവിധായിക കലാ മാസ്റ്റർക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് താരം മനസുതുറന്നത്.
‘ചെറിയ പ്രായത്തിൽ സിനിമ ചെയ്യുമ്പോൾ കോളേജിൽ പോകണം, പാർട്ടിക്ക് പോകണം എന്നൊന്നുമുള്ള വിചാരം എനിക്ക് ഉണ്ടായിരുന്നില്ല. ഇപ്പോഴത്തെ കാലത്തെ കുട്ടികൾക്ക് അങ്ങനെയല്ല. പാർട്ടിക്ക് പോകണം പുറത്ത് കറങ്ങാൻ പോകണം എന്നൊക്കെയാണ് അവരുടെ ആഗ്രഹങ്ങൾ. അന്ന് എനിക്ക് പുറത്തുപോകണം എന്ന് പറഞ്ഞാൽ സിനിമയിൽ അഭിനയിക്കാൻ പോകണം. സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുന്നതാണ് എന്റെ പാർട്ടി’.
‘മലയാള സിനിമ ചെയ്യുമ്പോഴാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്. പുലർച്ചെ നാല് മണിക്ക് ചായയുമായി വന്ന് വിളിക്കും. ആരും സിറ്റിയിൽ ഷൂട്ട് വയ്‌ക്കാറില്ല. ഗ്രാമങ്ങളിലാണ് അന്നത്തെ സിനിമകളുടെ ഷൂട്ടിംഗ് മുഴുവൻ നടക്കുന്നത്. ഷൂട്ടിംഗ് കഴിഞ്ഞ് മണിക്കൂറുകൾ യാത്ര ചെയ്തതിന് ശേഷമാണ് താമസിക്കുന്ന സ്ഥലത്തെത്തുന്നത്. 12 മണിക്കായിരിക്കും എത്തുക. അഞ്ച് മണിക്ക് എഴുന്നേൽക്കേണ്ടിവരും. അടൂർ ഗോപാലകൃഷ്ണൻ, ഭരതൻ, പ്രിയദർശൻ, അരവിന്ദൻ എന്നിവരോടൊപ്പം വർക്ക് ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഇവരോടൊക്കെ സംസാരിക്കുന്നതാണ് എന്റെ പാർട്ടിയായി ഞാൻ കണ്ടിരുന്നത്’.
‘പണ്ട് ലൊക്കേഷനുകളിൽ പോകുമ്പോൾ വസ്ത്രം മാറാൻ മരമോ മറയോ ഉണ്ടോയെന്നാണ് ആദ്യം നോക്കിയിരുന്നത്. കാരവാൻ വന്നതിന് ശേഷം സ്ക്രിപ്റ്റ് തന്നെ കയ്യിൽനിന്ന് പോകുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. കാരണം, പുറത്തുനിൽക്കുമ്പോൾ ലൊക്കേഷനായാലും കഥാപാത്രങ്ങളെ ആയാലും നമുക്ക് നന്നായി മനസിലാക്കാൻ സാധിക്കും. പക്ഷേ, കാരവാൻ വന്നതിന് ശേഷം എല്ലാവരും അവരുടെ സീനുകൾ കഴിഞ്ഞ് അവിടെ നിന്ന് പോവുകയാണ്. പണ്ടത്തെ ഷൂട്ടിംഗ് സ്ഥലങ്ങളിൽ ഈ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല’.
‘ഇന്ന് കാരവാൻ വച്ചാണ് ആർട്ടിസ്റ്റുകളുടെ റേഞ്ച് വിലയിരുത്തുന്നത്. കൽക്കി ചെയ്യുമ്പോൾ അമിതാഭ് ബച്ചൻ സാറിന് അഞ്ച് ലക്ഷം രൂപ ദിവസ വാടകയ്‌ക്ക് ഒരു കാരവാൻ അവിടെയുണ്ട്. പക്ഷേ, അദ്ദേഹം അതിനുള്ളിൽ പോകാറില്ലായിരുന്നു. ഞാനൊരു ഹിന്ദി സിനിമ ചെയ്യുന്നുണ്ട്. ഞാൻ അവിടേക്ക് ആദ്യം പോയപ്പോൾ എത്ര ആളുകൾ എനിക്കൊപ്പം വന്നിട്ടുണ്ടെന്നാണ് അവർ എന്നോട് ചോദിച്ചത്. ആരുമില്ല, ഞാൻ മാത്രമാണെന്ന് പറഞ്ഞു. അവർ ഞെട്ടിപ്പോയി. ഇതൊക്കെ വച്ചാണ് പലരും ആർട്ടിസ്റ്റുകളെ വിലയിരുത്തുന്നതെന്നും’ ശോഭന പറഞ്ഞു.